ചിത്രം മോർഫ് ചെയ്തു, കുട്ടികൾക്ക് വധഭീഷണി; പരാതി നൽകി ഗായിക ചിന്മയി ശ്രീപദ
text_fieldsസോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും മോര്‍ഫ് ചെയ്ത ചിത്രം ലഭിച്ചതിൽ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ഏതാനും ആഴ്ചകളായി സാമൂഹികമാധ്യമങ്ങളില്‍ നിന്നും തനിക്കെതിരെ ഉണ്ടാകുന്ന ഓണ്‍ലൈന്‍ ഭീഷണികളെക്കുറിച്ചുള്ള വിഡിയോയും ചിന്മയി എക്‌സില്‍ പങ്കുവെച്ചു. ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണര്‍ക്ക് ചിത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതായും ചിന്മയി അറിയിച്ചു. ഭർത്താവും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ അടുത്തിടെ മംഗല്യസൂത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് ശേഷമാണ് ട്രോളിങ് ശക്തമായതെന്ന് ചിന്മയി പറയുന്നു.
മോർഫ് ചെയ്ത ചിത്രവും വിഡിയോയും പങ്കുവെച്ചുകൊണ്ട് ചിന്മയി കുറിച്ചത് ഇങ്ങനെയാണ്, ‘ഒരു പേജിൽ നിന്ന് എനിക്ക് ഇന്ന് ഒരു മോർഫ് ചെയ്ത ചിത്രം ലഭിക്കുകയും ഞാൻ പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. നിയമപരമായ നടപടി ഉണ്ടാകുമോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം. ഞാൻ അധിക്ഷേപിക്കപ്പെട്ടു. എന്‍റെ കുട്ടികൾക്ക് നേരെ വധഭീഷണി ഉണ്ടായി. തങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടാകരുത്, ഇനി ഉണ്ടായാൽ തന്നെ അവർ മരിക്കണം എന്ന് പറഞ്ഞ കുറച്ചുപേർക്കെതിരെ ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് കയ്യടിച്ച് ചിരിക്കുന്ന പുരുഷന്മാരുണ്ടായിരുന്നു’. അവർ പറഞ്ഞു.
ഓൺലൈൻ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിരുന്നുവെന്നും ചിന്മയി കൂട്ടിച്ചേർത്തു. എന്നെ ധാരാളം ആളുകൾ അധിക്ഷേപിച്ചു. ഇതിന് രാഷ്ട്രീയ ഗ്രൂപ്പുകളിൽ നിന്ന് അവർക്ക് പണം ലഭിച്ചിട്ടുണ്ട്. ഇന്ന് എന്‍റെ മോർഫ് ചെയ്ത ഒരു ചിത്രം ട്വീറ്റിൽ പങ്കുവെച്ചിരുന്നു. ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് സ്ത്രീകൾ അറിയാനാണ് ഞാൻ ഇത് പങ്കുവെക്കുന്നത്. പൊതു ഇടങ്ങളിൽ നിന്ന് ഞങ്ങളെ പുറത്താക്കാൻ പുരുഷന്മാർ ഇത് ചെയ്യുന്നു. സ്ത്രീകളെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന വ്യക്തികൾ കൂടുതൽ പേരെ ലക്ഷ്യമിട്ടേക്കാം -ചിന്മയി പറഞ്ഞു.
തങ്ങളോട് ദേഷ്യമുള്ളതും പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നതുമായ പുരുഷന്മാര്‍ എങ്ങനെയാണ് ഡീപ് ഫെയ്ക്, എ.ഐ എന്നിവ ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നത് പോലുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങളെന്നും ചിന്മയി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ തളരുന്ന തരത്തിലുള്ള സ്ത്രീ അല്ല താനെന്നും ചിന്മയി വിഡിയോയില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം കുറ്റവാളകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മടിക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് ചിന്മയി വിഡിയോ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

