എന്നെ ഒരിക്കലും മണിരത്‌നം സിനിമകളിൽ വിളിക്കില്ലെന്നാണ് കരുതിയത്, ആ സമയത്ത് എല്ലാവരും എന്നെ വെച്ച് സിനിമ എടുക്കാൻ പേടിച്ചപ്പോൾ മണി സാർ സിനിമ തന്നു; എല്ലാത്തിനും നന്ദി -സിമ്പു
text_fieldsമണിരത്‌നം-കമൽഹാസൻ ടീമിന്റെ തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്.സിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പലരും തന്നെ വെച്ച് സിനിമയെടുക്കാൻ മടിച്ചിരുന്നപ്പോഴും, സിനിമ ഇല്ലാതിരുന്ന സമയത്തും മണിരത്‌നം തന്നെ തേടി വന്നുവെന്ന് പറയുകയാണ് സിമ്പു. അദ്ദേഹത്തിനോടുള്ള നന്ദി എന്നും ഉണ്ടാകുമെന്നും, ഒരിക്കലും മറക്കില്ലെന്നും സിമ്പു കൂട്ടിച്ചേർത്തു. സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് താരത്തിന്‍റെ പ്രതികരണം.
'എന്നെ ഒരിക്കലും മണി രത്‌നം സിനിമകളിൽ വിളിക്കില്ലെന്നാണ് കരുതിയത്. കാരണം ഞാൻ കൂടുതലും മാസ് മസാല സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. പല പ്രൊഡ്യൂസ്‌ഴ്സും എന്നെ വെച്ച് സിനിമ ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. ആ സമയത്താണ് മദ്രാസ് ടാകീസിൽ നിന്ന് മണി സാർ എന്നെ കാണണം എന്ന് പറയുന്നത്. ആദ്യം എന്നെ ആരോ കളിപ്പിക്കുകയാണ് എന്നാണ് തോന്നിയത്. പക്ഷെ പോയതിന് ശേഷമാണ് സത്യമാണെന്ന് മനസിലായത്. ആ സമയത്ത് എല്ലാവരും എന്നെ വെച്ച് സിനിമ എടുക്കാൻ പേടിച്ചപ്പോൾ എന്നിൽ വിശ്വസിച്ച് മണി സാർ സിനിമ തന്നു. അത് ഒരിക്കലും ഞാൻ മറക്കില്ല. 'ചെക്ക ചിവന്ത വാനം' എന്ന സിനിമയിൽ മാത്രമല്ല 'പൊന്നിയിൻ സെൽവനി'ലും അദ്ദേഹം എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. തഗ് ലൈഫിൽ കമൽ സാറിനൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം വന്നു. എല്ലാത്തിനും നന്ദി,'സിമ്പു പറഞ്ഞു.
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജൂൺ അഞ്ചിന് ചിത്രം തിയറ്ററിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

