അന്ന് അനിയനെ കാണാൻ വന്ന ചേട്ടൻ ഇന്ന് സംവിധായകൻ; ‘ബാലൻ’ ആഴമുള്ള പ്രമേയവും മികച്ച മേക്കിങ്ങും ഒത്തുചേർന്ന മനോഹരമായ ചിത്രമെന്ന് സത്യൻ അന്തിക്കാട്
text_fieldsവിനോദയാത്രയുടെ സെറ്റിൽ ഒരു കൊച്ചു കുട്ടിയായി കണ്ട ചിദംബരത്തെ ഇന്നും ഓർമയുണ്ട്. അന്ന് ആ കുട്ടി പറഞ്ഞ വലിയ സ്വപ്നം, ഇന്ന് ഒരു മികച്ച യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. ന്യൂജെൻ സിനിമയെന്ന പേരിൽ വരുന്ന പലതിനിടയിലും, 'ബാലൻ' ഏറെ വേറിട്ടു നിൽക്കുന്നു. ആഴമുള്ള പ്രമേയവും മികച്ച മേക്കിങ്ങും ഒത്തുചേർന്ന മനോഹരമായ ഒരു ചലച്ചിത്രം തന്നെയാണിത്. ഈ സിനിമ കണ്ടപ്പോൾ മനസ്സ് നിറഞ്ഞ സന്തോഷം കൊണ്ട് ചില കാര്യങ്ങൾ കുറിക്കാൻ തോന്നി. 'ബാലൻ' എന്ന ചിത്രത്തെക്കുറിച്ച് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുറിപ്പിന്‍റെ പൂർണരൂപം
വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും'ബാലൻ' തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി! സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു.
ബാലൻ കണ്ടപ്പോൾ എനിക്ക് പി.എൻ.മേനോനേയും, ഭരതനേയും, കെ.ജി.ജോർജ്ജിനേയുമൊക്കെ ഓർമ്മ വന്നു. ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്‍റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ.
ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച! ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര.
അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്. ജീൻ പോൾലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവീനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ, സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർസാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനിൽ വന്നു കസറിയ ആനന്ദ് ഏകർഷിയുമൊക്കെ നമുക്കു കിട്ടിയ വരദാനമാണ്. സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ. ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും എന്‍റെ സ്നേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

