‘ബാലന്റെ യാത്ര ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ തൊടും’; അതിമനോഹരമായി ക്രാഫ്റ്റ് ചെയ്ത ചിത്രമെന്ന് രാധിക ശരത്കുമാർ
text_fieldsരാധിക ശരത്കുമാർ
മലയാള സിനിമയിൽ തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ സംവിധാനത്തിലെ വേറിട്ട കൈയൊപ്പ് പതിപ്പിച്ച സംവിധായകനാണ് ചിദംബരം. ജാൻ-എ-മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം അദ്ദേഹം എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകളെ ഒട്ടും തെറ്റിക്കാതെ ചിദംബരം തന്റെ പുതിയ ചിത്രമായ 'ബാലൻ: ദി ബോയ്'യുമായി എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം വലിയൊരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.
ഇപ്പോഴിതാ രാധിക ശരത്കുമാർ ചിത്രത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘താൻ ഈയടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രം. അതിമനോഹരമായി ക്രാഫ്റ്റ് ചെയ്ത സിനിമ’ എന്നാണ് രാധിക വിശേഷിപ്പിച്ചത്. ജിത്തു മാധവന്റെ തിരക്കഥയും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു എന്ന് അവർ അഭിപ്രായപ്പെടുന്നു. ‘ആദ്യ ഫ്രെയിം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ ചിത്രത്തിനുണ്ട്. ബാലന്റെ യാത്ര ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ തൊടും’ രാധിക കുറിച്ചു.
പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബോക്സോഫീസിലും വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. പ്രശസ്ത ട്രാക്കറായ സാൽസിനിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഇതിനകം തന്നെ ചിത്രം 9 കോടി രൂപയോട് അടുത്ത് നേടിക്കഴിഞ്ഞു. ഒരു സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം, ബാലൻ എന്ന ആൺകുട്ടിയുടെയും അവന്റെ അമ്മയുടെയും കഥയാണ് പറയുന്നത്. തങ്ങളുടെ ഭൂതകാലത്തിലെ രഹസ്യങ്ങൾ തേടിയുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫർസാനയും ബാലതാരമായ അധിശേഷനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ട്രോമയും ഭയവും പേറുന്ന അമ്മയായി ഫർസാന തിളങ്ങുമ്പോൾ, ലോകത്തെ തിരിച്ചറിയാൻ ശ്രമിക്കുന്ന ഒരു കുട്ടിയുടെ സ്വാഭാവികത അധിശേഷൻ മനോഹരമായി ആവിഷ്കരിച്ചു. പ്രേക്ഷകരെ കയ്യിലെടുക്കാൻ ശ്രമിക്കാത്ത, വളരെ റിയലിസ്റ്റിക് ആയ അഭിനയമാണ് അധിശേഷന്റേത് എന്നാണ് പ്രേക്ഷക പ്രതികരണം. മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ബീന ആന്റണി, ടൊവിനോ തോമസ്, ഗിരീഷ് എ.ഡി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിൽ 'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം ഒരുക്കുന്ന മറ്റൊരു ഹിറ്റായി ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. വരും ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടി വരുന്നതിനാൽ കലക്ഷനിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

