‘അമ്മയാകാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു’; ഈ പുതിയ ഘട്ടം വളരെ ആവേശകരമാണ് -സാമന്ത
text_fieldsസാമന്ത
സിനിമാ ലോകം ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഒന്നായിരുന്നു നടി സാമന്ത അമ്മയാകാൻ പോകുന്നത്. തന്‍റെ പുതിയ ചിത്രമായ മാ ഇന്തി ബംഗാരം വൻ വിജയമായി മാറിയതിന് പിന്നാലെയാണ്, താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത താരം പങ്കുവെച്ചത്. ഇപ്പോൾ, ഈ പുതിയ ജീവിതഘട്ടത്തെക്കുറിച്ചും മാതൃത്വത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ സാമന്ത മനസ്സ് തുറന്നിരിക്കുകയാണ്.
‘അമ്മയാകാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ പുതിയ ഘട്ടം വളരെ ആവേശകരമാണ്. എന്റെ ജീവിതത്തിൽ ഒന്നിനും ഞാൻ കുറവ് വരുത്താറില്ല, അമ്മയാകുന്ന ഈ പുതിയ ഉത്തരവാദിത്തവും പൂർണ്ണ അർപ്പണബോധത്തോടെ തന്നെ ഞാൻ ഏറ്റെടുക്കും’ സാമന്ത പറഞ്ഞു. മാതൃത്വം തനിക്ക് നൽകുന്ന പുതിയ കരുത്തും ലക്ഷ്യബോധത്തെക്കുറിച്ചും താരം വാചാലയായി. എല്ലാ ദിവസവും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ട്, ജീവിതത്തിലെ ഈ മനോഹരമായ യാത്രക്കായി താൻ തയാറെടുക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
തന്‍റെ ഗർഭകാലം സ്ഥിരീകരിച്ചുകൊണ്ട് മാ ഇന്തി ബംഗാരം സിനിമയുടെ വിജയാഘോഷ വേളയിൽ സാമന്ത ഒരു പ്രഖ്യാപനവും നടത്തിയിരുന്നു. നിലവിലുള്ള പ്രോജക്റ്റുകൾ പൂർത്തിയാക്കിയ ശേഷം, താൻ ചെറിയൊരു പ്രസവാവധി എടുക്കുമെന്നാണ് താരം പറഞ്ഞത്. അതിനുശേഷം പുതിയ സിനിമകളുമായി താൻ തന്റെ ആരാധകർക്കിടയിലേക്ക് തിരിച്ചെത്തുമെന്നും അവർ ഉറപ്പുനൽകി. പ്രഖ്യാപനത്തിന് പിന്നാലെ, തന്റെ ബേബി ബമ്പ് കാണിച്ചുകൊണ്ടുള്ള ഒരു ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്റെ സിക്സ് പാക്ക് എന്ന് തമാശ രൂപേണയാണ് താരം ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.
സംവിധായകൻ രാജ് നിദിമോരുവും സാമന്തയും 2025 ഡിസംബറിലാണ് വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു തികച്ചും സ്വകാര്യമായ വിവാഹ ചടങ്ങുകൾ നടന്നത്. 'ദി ഫാമിലി മാൻ 2' എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് 'സിറ്റാഡൽ: ഹണി ബണ്ണി' (2024) എന്ന പ്രോജക്റ്റിന് വേണ്ടിയും ഇവർ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

