Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘അത് ഒരു തരം ‘ബ്രോ’...

‘അത് ഒരു തരം ‘ബ്രോ’ സംസാരം’-ഉദയനിധിക്കെതിരെ ചിന്മയി; സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഖുഷ്ബു

text_fields
bookmark_border
‘അത് ഒരു തരം ‘ബ്രോ’ സംസാരം’-ഉദയനിധിക്കെതിരെ ചിന്മയി; സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഖുഷ്ബു
cancel

ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയെ ലക്ഷ്യമിട്ട് നടത്തിയ അധിക്ഷേപകരവുമായ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപാദയും നടിയും ബി.ജെ.പി നേതാവുമായ ഖുഷ്ബു സുന്ദറും രംഗത്തെത്തി. വിവാദത്തെത്തുടർന്ന് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇവരുടെ പ്രതികരണം.

അതേസമയം, ദേശീയ മാധ്യമത്തിനോട് സംസാരിച്ച ഉദയനിധി സ്റ്റാലിൻ ആരോപണങ്ങൾ തള്ളി. താൻ നടത്തിയ പ്രസംഗം ജനങ്ങൾ കേട്ടതാണെന്നും മുഖ്യമന്ത്രിയുടെ പേരല്ലാതെ മറ്റാരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ലെന്നും അവകാശപ്പെട്ടു.

അരാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് സ്ത്രീകളെ വലിച്ചിഴക്കരുതെന്ന് ചിന്മയി ചൂണ്ടിക്കാട്ടിയപ്പോൾ, പൊതുവേദിയിൽ നടിയെ അപമാനിച്ച ഉദയനിധി ഉപാധികളില്ലാതെ തൃഷയോട് മാപ്പ് പറയണമെന്ന് ഖുഷ്ബു ആവശ്യപ്പെട്ടു. കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുലർത്തുന്ന മൗനത്തെ വിമർശിക്കുന്നതിനിടയിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. ഇത് ലൈംഗികച്ചുവയുള്ള പരാമർശമാണെന്ന് പരക്കെ വിമർശനമുയർന്നു.

രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെ അധിക്ഷേപിക്കുന്നതിന് പകരം യഥാർത്ഥ ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചിന്മയി എക്സിൽ കുറിച്ചു. ‘തമിഴ്‌നാട് പ്രതിപക്ഷ നേതാവ് പറഞ്ഞതിന്റെ യഥാർഥ അർഥം എനിക്ക് ആദ്യം മനസ്സിലായിരുന്നില്ല. ആരോ വിശദീകരിച്ചപ്പോഴാണ് ഇതിന്റെ ആന്തരീകാർഥം മനസ്സിലായത്. മിക്ക സ്ത്രീകൾക്കും അത് മനസ്സിലായില്ല, അത് അവരുടെ ഒരു തരം ‘ബ്രോ’ സംസാരമായിരുന്നു’-ചിന്മയി വ്യക്തമാക്കി. അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച ജനക്കൂട്ടത്തെ ശാന്തരാക്കാൻ ശ്രമിക്കുന്നതിന് പകരം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ് ഉദയനിധി ചെയ്തതെന്നും അവർ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ജയലളിതക്കെതിരെ മുൻകാലങ്ങളിൽ ഉണ്ടായ രാഷ്ട്രീയ കടന്നാക്രമണങ്ങളെ അനുസ്മരിച്ച ചിന്മയി, പുതിയ തലമുറയിലെ നേതാക്കൾ കൂടുതൽ മാതൃകയാകേണ്ടതുണ്ടെന്നും എന്നാൽ അവർ അതിലും താഴേക്ക് പോകുന്നത് നിരാശാജനകമാണെന്നും കൂട്ടിച്ചേർത്തു.

ഉദയനിധിയുടെ വാക്കുകൾ നിലവാരമില്ലാത്തതും വിലകുറഞ്ഞതുമാണെന്ന് ഖുഷ്ബു സുന്ദർ പ്രതികരിച്ചു. ‘അദ്ദേഹം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണിത്. സ്ത്രീകളുടെ ആത്മാഭിമാനം രാഷ്ട്രീയത്തിന് ഇരയാക്കപ്പെട്ടാൽ ഒരു കുടുംബവും സുരക്ഷിതമായിരിക്കില്ലെന്ന് ഇത്തരം ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നവർ ഓർക്കണം. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായാലും പൊതു സംവാദങ്ങൾക്ക് ചില അതിരുകളുണ്ട്. സ്ത്രീകളെ ബഹുമാനിക്കണം, അല്ലാതെ സ്വാർഥ ആവശ്യങ്ങൾക്കുള്ള കരുക്കളാക്കരുത്’- ഖുഷ്ബു കുറിച്ചു. ഉദയനിധിക്ക് തന്റെ തെറ്റ് ഏറ്റുപറയാനും മാപ്പ് പറയാനുമുള്ള മാന്യതയുണ്ടോ എന്ന് കാണാമെന്നും അവർ പറഞ്ഞു.

വിവാദത്തിന് പിന്നിൽ

തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച കാവേരി പ്രതിഷേധത്തിനിടെയുള്ള വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. മുഖ്യമന്ത്രി ജോസഫ് വിജയെയെ വിമർശിച്ച് ഉദയനിധി സംസാരിക്കവെ, സദസ്സിൽ നിന്ന് ചിലർ ‘തൃഷ, തൃഷ’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിനോട് പ്രതികരിച്ച ഉദയനിധി ദ്വയാർഥ പരാമർശം നടത്തുകയും പിന്നീട് പുഞ്ചിരിയോടെ താൻ കാവേരി നദിയെക്കുറിച്ചാണ് പറഞ്ഞതെന്ന് കൂട്ടിച്ചേർക്കുകയുമായിരുന്നു. വിജയും തൃഷയും തമ്മിൽ നിലനിൽക്കുന്ന ചില ഗോസിപ്പുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പരാമർശം വലിയ പ്രതിഷേധത്തിന് വഴിവെച്ചു.

വിവാദ പരാമർശത്തിൽ തമിഴ്‌നാട് പോലീസ് ഉദയനിധി സ്റ്റാലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khushbu Sundarchinmayi sripadaUdhayanidhi Stalindmk
News Summary - ഉദയനിധിക്കെതിരെ ചിന്മയിയും ഖുഷ്ബുവും
Next Story