ഞാൻ നിങ്ങളുടെ ആരാധികയല്ലേ?’-പരിഭവം പറഞ്ഞ കുഞ്ഞ് ആരാധികക്ക് വിരുന്ന് നൽകി രശ്മികയും വിജയ് ദേവരകൊണ്ടയും; വൈറലായി വിഡിയോ
text_fieldsരശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹത്തിന് തനിക്ക് ക്ഷണം ലഭിച്ചില്ല എന്ന പരിഭവം ഉന്നയിച്ച കുഞ്ഞ് ആരാധികയെ വീട്ടിൽ വിളിച്ച് വിരുന്നു നൽകി താരങ്ങൾ. ‘ഞാൻ നിങ്ങളുടെ ആരാധികയല്ലേ? ഞങ്ങളുടെ കാര്യമോ?’ എന്നായിരുന്നു വിവാഹത്തിന് വിളിക്കാത്തതിൽ കുട്ടി ചോദിച്ചത്. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചുകൊണ്ട് നടത്തിയ വിവാഹത്തെ ഉദ്ദേശിച്ചായിരുന്നു കുട്ടിയുടെ ഈ ചോദ്യം. ഇതിന് മറുപടിയായി, കുട്ടിയെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിക്കുമെന്നും, അവളുടെ ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതൊക്കെയാണെന്ന് പറഞ്ഞാൽ അത് വീട്ടിൽ തന്നെ തയാറാക്കി ഒരുമിച്ച് കഴിക്കാമെന്നും വിജയ് വിഡിയോക്ക് താഴെ മറുപടി നൽകിയിരുന്നു.
‘ബുജ്ജിതള്ളി.. നിന്നെ വീട്ടിലേക്ക് ലഞ്ചിന് ക്ഷണിക്കാം. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതൊക്കെയാണെന്ന് പറയു, നമുക്ക് വീട്ടിൽ വെച്ച് നല്ല അടിപൊളിയായി കഴിക്കാം’ എന്നാണ് താരം കുറിച്ചിരുന്നത്. ഇപ്പോഴിതാ ആരാധികയെ വീട്ടിൽ വിളിച്ച് ദമ്പതികൾ അവൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്‍റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
'വിജയ് ദേവരകൊണ്ടയെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് കാണാനായത് എനിക്കും എന്റെ കുടുംബത്തിനും ശരിക്കും അത്ഭുതകരവും മറക്കാനാവാത്തതുമായ ഒരു നിമിഷമായിരുന്നു. ഞങ്ങൾ എത്തിയ നിമിഷം മുതൽ, അദ്ദേഹം ഞങ്ങളെ വളരെയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചു. അത് ഞങ്ങൾക്ക് വലിയ ആശ്വാസം നൽകി. രശ്മിക മന്ദാനയെ കണ്ടുമുട്ടിയതും വളരെ സന്തോഷകരമായിരുന്നു. അവരുടെ പുഞ്ചിരിയും സൗഹൃദവും സന്ദർശനത്തിന് കൂടുതൽ സന്തോഷം നൽകി.' ദമ്പതികളെ കണ്ടുമുട്ടിയ ആഹ്ലാദം പങ്കുവെച്ച വിഡിയോയിൽ കുട്ടി കുറിച്ചു.
ഫെബ്രുവരി 26ന് ഉദയ്പൂരിൽ വെച്ചായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവർ രഹസ്യമായി നിശ്ചയം നടത്തിയിരുന്നു. മാർച്ച് 4ന് ഹൈദരാബാദിൽ വെച്ച് ഇവർ വിവാഹ സൽക്കാരം നടത്തി. ക്രീം നിറത്തിലുള്ള കുർത്തയും ധോത്തിയുമായിരുന്നു വിജയ്‌യുടെ വേഷം. ചുവപ്പും സ്വർണ്ണവും കലർന്ന സാരിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞാണ് രശ്മിക എത്തിയത്.
വിവാഹശേഷം മാർച്ച് 1ന് ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ട് ഇവർ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഡൽഹി, ബിഹാർ, തെലങ്കാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെല്ലാം മധുരപലഹാരങ്ങൾ എത്തിച്ചു. കൂടാതെ, നിരവധി സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ അന്നദാനവും സംഘടിപ്പിച്ചിരുന്നു. ഹൈദരാബാദിലെ സൽക്കാരത്തിനിടെ, വിവാഹാഘോഷങ്ങൾ കഴിഞ്ഞ് ഉടൻ തന്നെ തങ്ങൾ സ്വകാര്യതയിലേക്ക് മടങ്ങുകയാണെന്നും കുറച്ചുനാൾ ആരും തന്നെ ശല്യപ്പെടുത്തരുതെന്നും വിജയ് തമാശരൂപേണ പാപ്പരാസികളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

