5000 വർഷം മുമ്പ് ഇന്ത്യ കണ്ടുപിടിച്ചത്! ഇലോൺ മസ്കിന്റെ പറക്കും കാറിനെ പുഷ്പക വിമാനവുമായി താരതമ്യം ചെയ്ത് രൺബീർ കപൂർ
text_fieldsരൺബീർ കപൂർ, ഇലോൺ മസ്ക്
ഇലോൺ മസ്ക് അടുത്തിടെ പുറത്തിറക്കിയ ടെസ്‌ലയുടെ പറക്കും കാർ റോഡ്‌സ്റ്ററിനെ രാമായണത്തിലെ പുഷ്പക വിമാനവുമായി താരതമ്യം ചെയ്ത് ബോളിവുഡ് താരം രൺബീർ കപൂർ. 5000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യ ഇത് കണ്ടുപിടിച്ചതാണെന്ന് രൺബീർ പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ടിവി അവതാരക സുമയുടെ ചാറ്റ് ഷോയിൽ പങ്കെടുക്കവെയാണ് രൺബീറിന്റെ പരാമർശം.
സഹതാരങ്ങളായ രവി ദുബെ, രാകുൽ പ്രീത് സിങ്, യാഷ്, സംവിധായകൻ നിതീഷ് തിവാരി എന്നിവർക്കൊപ്പമാണ് രൺബീർ ഷോയിൽ എത്തിയത്. ചിത്രത്തിലെ ഫാന്റസി ഘടകങ്ങളെയും ആയുധങ്ങളെയും കുറിച്ചും അവ എങ്ങനെ ഇന്നത്തെ സാഹചര്യത്തിൽ പുനർവിചിന്തനം ചെയ്തു എന്നതിനെ കുറിച്ചുമായിരുന്നു പ്രധാനമായും ചർച്ച.
രാമനായി വേഷമിടുന്ന രൺബീർ ഇന്ത്യയുടെ പുരാതനമായ സർഗാത്മക കാഴ്ചപ്പാടിനെ എടുത്തു കാണിക്കാനാണ് ഇലോൺ മസ്കിനെ ചർച്ചയിലേക്ക് കൊണ്ടുവന്നത്.‘ഇലോൺ മസ്ക് അടുത്തിടെ ഒരു പറക്കും കാർ കണ്ടുപിടിച്ചു. ഇന്ത്യ അത് 5000 വർഷം മുമ്പ് ചെയ്തു എന്ന് ഞാൻ കരുതുന്നു!’ എന്നാണ് രൺബീർ പറഞ്ഞത്. പുഷ്പക വിമാനത്തെ പരാമർശിച്ചായിരുന്നു താരത്തിന്റെ ഈ കമന്റ്. താരത്തിന്റെ ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അതേ അഭിമുഖത്തിൽ തന്നെ സംവിധായകൻ നിതീഷ് തിവാരി പുഷ്പക വിമാനത്തിന്റെ നിർമാണത്തെ കുറിച്ചും വെളിപ്പെടുത്തി. അന്തിമ ഡിസൈനിൽ എത്താൻ രണ്ട് വർഷത്തോളം എടുത്തു എന്നാണ് സംവിധായകൻ പറഞ്ഞത്.‘അന്തിമ ഡിസൈനിൽ എത്താൻ ഞങ്ങൾക്ക് രണ്ട് വർഷത്തോളം എടുത്തു, വഴിയിൽ ഒരുപാട് കാര്യങ്ങൾ മാറി. അതുകൊണ്ടാണ് രാവണനും ജടായുവും തമ്മിലുള്ള യുദ്ധം സൃഷ്ടിക്കാൻ ഞങ്ങൾ ഇത്രയധികം സമയമെടുത്തത്.
പുഷ്പക വിമാനത്തിന്റെ ആദ്യകാല ഡിസൈനിൽ പ്രവർത്തിക്കുമ്പോൾ, അത് ഒരു പ്രത്യേക രീതിയിൽ കാണപ്പെടുമെന്ന് ഞങ്ങൾ സങ്കൽപ്പിച്ചിരുന്നു, അതിനനുസരിച്ചാണ് പോരാട്ടം കൊറിയോഗ്രാഫ് ചെയ്തത്. എന്നിരുന്നാലും, വിമാനത്തിന് അല്പം വ്യത്യസ്തമായ ഡിസൈൻ അന്തിമമാക്കിയതോടെ, നിലവിലുള്ള കൊറിയോഗ്രാഫിക്ക് അനുയോജ്യമാക്കാൻ ഞങ്ങൾക്ക് നിരവധി തവണ മാറ്റങ്ങൾ വരുത്തേണ്ടി വന്നു’ നിതീഷ് തിവാരി പറഞ്ഞു.
രാമായണത്തിൽ ചിന്തയുടെ വേഗതയിൽ സഞ്ചരിക്കാനും ആവശ്യമുള്ളത്ര യാത്രക്കാരെ ഉൾക്കൊള്ളാൻ വികസിപ്പിക്കാനും കഴിയുന്ന ഒന്നായാണ് പുഷ്പക വിമാനത്തെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിലും ഈ ഭീമൻ പറക്കും കൊട്ടാരം കാണിക്കുന്നുണ്ട്.

