ലോസ് ഏഞ്ചൽസിൽ ‘രാമായണ’യുടെ ട്രെയിലർ ലോഞ്ച്; ‘ശ്രീരാമൻ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന്’ രൺബീർ
text_fieldsആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏപ്രിൽ രണ്ടിന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാമന്റെ ആദ്യ രൂപം പുറത്തുവിടുന്നതിന് മുന്നോടിയായി നടൻ രൺബീർ കപൂർ, സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര എന്നിവർ ചേർന്ന് ലോസ് ഏഞ്ചൽസിൽ നടന്ന പ്രത്യേക ചടങ്ങിൽ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. രാമനെ അവതരിപ്പിക്കുന്നതിനെക്കുറിച്ചും ആ കഥാപാത്രം തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും രൺബീർ ചടങ്ങിൽ സംസാരിച്ചു.
ലോസ് ഏഞ്ചൽസിൽ നടന്ന ചടങ്ങിലെ ചോദ്യോത്തര വേളയിൽ, ശ്രീരാമൻ ഇന്നും എത്രത്തോളം പ്രസക്തമാണെന്ന് രൺബീർ വിശദീകരിച്ചു. രാമനെ മര്യാദ പുരുഷനായാണ് രൺബീർ വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ ഈ കഠിനാധ്വാനം ആദ്യമായി കാണുന്നത് നിങ്ങളാണ്, ഇതൊരു സവിശേഷ നിമിഷമാണ് എന്ന് രൺബീർ കാണികളോട് പറഞ്ഞു. ശതകോടിക്കണക്കിന് ആളുകളുടെ മനസാക്ഷിയുടെ സൂക്ഷിപ്പുകാരനാണ് ശ്രീരാമൻ. പ്രതിസന്ധികളിൽ മനുഷ്യന്റെ മനക്കരുത്ത് എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം നമുക്ക് കാട്ടിത്തരുന്നു. കരുണ, ധീരത, നീതി, ക്ഷമ എന്നിവയുടെ പ്രതീകമാണദ്ദേഹം. ശ്രീരാമനെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത്’ രൺബീർ പറഞ്ഞു.
പുരാണകഥയായ രാമായണത്തെ മുൻനിർത്തി നിതേഷ് തിവാരി ഒരുക്കുന്ന ചിത്രമാണ് 'രാമായണ'. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെതന്നെ മുൻനിര താരങ്ങൾ അണിനിരക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാമായണ ഈ വർഷത്തെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. രാമായണത്തിൽ രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്.
രവി ദുബെ ലക്ഷ്മണനായും സായ് പല്ലവി സീതയായും എത്തും. ചിത്രത്തിൽ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോളാണ്. യാഷ് ആണ് രാവണനായി അഭിനയിക്കുന്നത്. അരുൺ ഗോവിൽ, ഇന്ദിര കൃഷ്ണൻ, ലാറ ദത്ത, ഷീബ ഛദ്ദ, വിവേക് ഒബ്‌റോയ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, തുടങ്ങിയവരോടൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ഓസ്കർ ജേതാവ് ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 2026 ഒക്ടോബറിൽ ദീപാവലി പ്രമാണിച്ച് ലോകമെമ്പാടും റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027ൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

