‘തുടക്കത്തിൽ എനിക്കത് തീരെ ബോധിച്ചില്ല, എനിക്ക് അദ്ദേഹത്തെ അടിക്കാൻ തോന്നി; ആവർത്തിച്ച് കേട്ടപ്പോൾ റഹ്മാന്റെ സംഗീതത്തിന്റെ മാന്ത്രികത പതിയെ വെളിപ്പെട്ടു’
text_fieldsരാം ഗോപാൽ വർമയുടെ പേര് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്ന ചില സിനിമകളുണ്ട്. ശിവ, സത്യ, കമ്പനി, കൗൻ, സർക്കാർ തുടങ്ങിയവ അക്കൂട്ടത്തിൽപ്പെട്ടതാണ്. ശക്തമായ താരനിരയുണ്ടായിട്ടും ഏറ്റവും കുറഞ്ഞ ശ്രദ്ധ ലഭിച്ച രാം ഗോപാൽ വർമയുടെ ചിത്രങ്ങളിൽ ഒന്നാണ് 1995ൽ പുറത്തിറങ്ങിയ സംഗീത പ്രധാനമായ 'രംഗീല'. ജാക്കി ഷ്രോഫ്, ആമിർ ഖാൻ, ഊർമിള മണ്ടോത്കർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. സത്യ എന്ന സിനിമയിലൂടെ രാം ഗോപാൽ വർമ സിനിമ മേഖലയിൽ സ്വന്തമായി ഒരിടം കണ്ടെത്തുന്നതിനും വളരെ മുമ്പേ തന്നെ അദ്ദേഹത്തിന്റെ വരവ് അറിയിച്ച ചിത്രം രംഗീലയായിരുന്നു. ചിത്രത്തിന്റെ ഈ വിജയത്തിന് പിന്നിൽ വലിയ പങ്കുവഹിച്ചത് എ.ആർ. റഹ്മാൻ സംഗീതം നൽകിയ ചാർട്ട് ബസ്റ്ററായ ഗാനങ്ങളാണ്.
റഹ്മാന്റെ സംഗീതം ലോകമെമ്പാടും ഇപ്പോഴും ആഘോഷിക്കപ്പെടുമ്പോഴും ചിത്രത്തിന്‍റെ സംഗീതസംവിധാനം ചെയ്യുന്ന പ്രക്രിയ അത്ര എളുപ്പമായിരുന്നില്ലെന്ന് രാം ഗോപാൽ വർമ പറഞ്ഞു. അടുത്തിടെ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഹായ് രാമ എന്ന പാട്ടിന്റെ കമ്പോസിങ്ങിനായി ഞങ്ങൾ ഗോവയിൽ പോയി. അവിടെ അഞ്ച് ദിവസമുണ്ടായിരുന്നു. ആദ്യ ദിവസം അദ്ദേഹം എന്നോട് പറഞ്ഞു. 'രാമു, ഞാൻ എന്തോ ആലോചിക്കുന്നു, നാളെ ഞാൻ നിങ്ങളെ കേൾപ്പിക്കാം. രണ്ടാം ദിവസം മറ്റെന്തോ പറഞ്ഞു. മൂന്നാം ദിവസം എന്തോ പറഞ്ഞു. അഞ്ച് ദിവസവും അദ്ദേഹം ഒന്നും ചെയ്തില്ല. എന്നിട്ട് അദ്ദേഹം പറഞ്ഞു. ഞാൻ ഒരു കാര്യം ചെയ്യാം, ഞാൻ ചെന്നൈയിൽ പോയി അവിടുന്ന് നിങ്ങൾക്ക് അയച്ചുതരാം.
എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു. അടുത്ത തവണ എന്നെ ഏതെങ്കിലും ഹോട്ടലിൽ എത്തിക്കുമ്പോൾ അവിടെ ടി.വി ഇല്ലെന്ന് ഉറപ്പാക്കണം. കാരണം ഈ സമയമത്രയും ഞാൻ ടി.വി കാണുകയായിരുന്നു. എനിക്ക് അദ്ദേഹത്തെ അടിക്കാൻ തോന്നി. പക്ഷേ, ഒടുവിൽ അദ്ദേഹം 'ഹായ് രാമ' എന്ന ഗാനവുമായി വന്നപ്പോൾ മഹത്തായ കാര്യങ്ങൾക്കായി സംഭവിക്കാൻ ക്ഷമ ആവശ്യമാണെന്ന് ഞാൻ മനസിലാക്കി. അവസാനം അത് കാത്തിരുന്നതിന് മൂല്യമുണ്ട്, അതാണ് അദ്ദേഹം തെളിയിച്ചത്”-രാം ഗോപാൽ വർമ പറഞ്ഞു.
രംഗീലയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് രാം ഗോപാൽ വർമയുടെ അഭിമുഖത്തിൽ ഹായ് രാമ എന്ന ഗാനം ആദ്യമായി കേട്ട അനുഭവം പങ്കുവെക്കുകയുണ്ടായി. ‘ഞാൻ ആഗ്രഹിച്ചത് ഇറോട്ടിക് ഗാനമായിരുന്നു. എന്റെ മനസ്സിൽ, 'മിസ്റ്റർ ഇന്ത്യ' എന്ന ചിത്രത്തിലെ 'കാട്ടേ നഹി കട്ടേ' എന്ന പാട്ടായിരുന്നു റഫറൻസായി ഉണ്ടായിരുന്നത്. ഇത് എങ്ങനെയാണ് ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ എ.ആർ റഹ്മാനോട് വിശദീകരിച്ചു. അതനുസരിച്ച് അദ്ദേഹം ഈ ട്യൂണുമായി വന്നു. അദ്ദേഹത്തിന് ഭ്രാന്തായെന്ന് ഞാൻ കരുതി. അദ്ദേഹം അബദ്ധത്തിൽ ഒരുതരം ക്ലാസിക്കൽ കർണാടക രാഗം എനിക്ക് അയച്ചുതന്നതാണെന്ന് ഞാൻ വിചാരിച്ചു.”
സംഭവം എന്താണെന്ന് ചോദിക്കാൻ ഞാൻ അദ്ദേഹത്തെ വിളിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എനിക്ക് വേണ്ടത് ഇറോട്ടിക് മൂഡിലുള്ള ഒന്നായിരുന്നു, നിങ്ങളെനിക്കയച്ചത് എന്താ? റഹ്മാൻ മറുപടി പറഞ്ഞു. “സർ, ഇത് ഈ സന്ദർഭത്തിന് വേണ്ടിത്തന്നെ ഉണ്ടാക്കിയതാണ്. ആ ട്യൂൺ എങ്ങനെയാണ് ഈ സാഹചര്യത്തിന് അനുയോജ്യമാവുക എന്നായിരുന്നു എന്റെ ചിന്ത. തുടക്കത്തിൽ എനിക്കത് തീരെ ബോധിച്ചില്ല. എന്നാൽ ആവർത്തിച്ച് കേട്ടപ്പോൾ, റഹ്മാന്റെ സംഗീതത്തിന്റെ മാന്ത്രികത പതിയെ വെളിപ്പെട്ടു. എന്റെ കൈയിൽ ആ സി.ഡി. ഉണ്ടായിരുന്നപ്പോൾ ഞാൻ ഇടക്കിടെ അത് വെച്ച് കേട്ടുകൊണ്ടിരുന്നു. പെട്ടെന്നൊരവസരത്തിൽ അത് എന്റെ തലയിൽ കയറിക്കൂടി”-രാം ഗോപാൽ വർമ ഓർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

