വിനയം കൈവിടാതെ തലൈവർ; ഇക്കണോമി ക്ലാസിൽ രജനീകാന്ത്, ആഘോഷമാക്കി യാത്രക്കാർ
text_fieldsരജനീകാന്ത്
തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ പുതിയ ചിത്രം 'ജയിലർ 2'ന്റെ ഷൂട്ടിങ്ങിനായി ഗോവയിലേക്ക് വിമാനത്തിൽ യാത്ര ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാധാരണഗതിയിൽ താരങ്ങൾ ബിസിനസ് ക്ലാസ് തിരഞ്ഞെടുക്കുമ്പോൾ രജനീകാന്ത് ഇക്കണോമി ക്ലാസിലാണ് യാത്ര ചെയ്തത്. ഗോവയിലേക്കുള്ള വിമാനയാത്രക്കിടെയാണ് രജനീകാന്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇക്കണോമി ക്ലാസിന്റെ മുൻനിരയിലെ ജനലിനോട് ചേർന്ന സീറ്റിലിരിക്കുന്ന രജനീകാന്താണ് വിഡിയോയിലുള്ളത്. വിമാനത്തിൽ തലൈവറിനെ കണ്ട ആവേശത്തിൽ ആരാധകരും സഹയാത്രികരും മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ആരവം മുഴക്കുകയും ചെയ്തു. ഇതുകണ്ട രജനീകാന്ത് എഴുന്നേറ്റ് നിന്ന് എല്ലാവർക്കും നേരെ കൈവീശി അഭിവാദ്യം ചെയ്യുകയും നിറഞ്ഞ ചിരിയോടെ പ്രതികരിക്കുകയും ചെയ്തു. സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സന്തോഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ഈ വിഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് താരത്തെ പ്രശംസിച്ചെത്തിയത്.
രജനീകാന്ത് ഇക്കണോമി സീറ്റിലാണ്, എങ്കിലും അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഔറ ഫസ്റ്റ് ക്ലാസിനെക്കാൾ വലുതാണ്, തന്‍റെ ആകർഷണീയത കൊണ്ട് രജനീകാന്ത് ഒരു വിമാനത്തെ മിനി തിയേറ്ററാക്കി മാറ്റി എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകൾ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2ന്റെ അടുത്ത ഘട്ട ചിത്രീകരണത്തിനായാണ് രജനീകാന്ത് ഗോവയിലെത്തിയത്. 2023ൽ വൻ വിജയമായ ജയിലറിന്റെ രണ്ടാം ഭാഗമാണിത്. 'ടൈഗർ' മുത്തുവേൽ പാണ്ഡ്യൻ എന്ന തന്റെ ഐക്കോണിക് കഥാപാത്രമായി അദ്ദേഹം ഈ ചിത്രത്തിൽ വീണ്ടും എത്തുന്നു. രമ്യാ കൃഷ്ണൻ ഉൾപ്പെടെയുള്ള താരങ്ങൾ രണ്ടാം ഭാഗത്തിലും ഉണ്ടാകും.
ജയിലർ 2 2026 ജൂൺ 12ന് റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 2025 ഡിസംബറിലോ 2026 ജനുവരിയിലോ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. രജനീകാന്ത് പറഞ്ഞ തീയതിയിലാണ് ചിത്രം റിലീസ് എങ്കിൽ പോസ്റ്റ്-പ്രൊഡക്ഷന് ധാരാളം സമയം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോക്കൊപ്പം ജയിലർ 2ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

