രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി
text_fieldsരാജേഷ് കേശവ്
കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാജേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നിരുന്നാലും ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗാസ്‌ട്രോഎൻട്രോളജി, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം രാജേഷ് കേശവിനെ നീരിക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം രാജേഷ് കേശവ് കുഴഞ്ഞു വീണത്. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തു. ഇതിനിടയിൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. രാജേഷ് കേശവ് ആശുപത്രിയിലാണെന്ന വിവരം സുഹൃത്ത് പ്രതാപ് ജയലക്ഷി ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
ആരോഗ്യനില ഗുരുതരമായതിനെത്തുടർന്നാണ് രാജേഷ് കേശവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷം രക്തസമ്മർദം സാധാരണ നിലയിൽ തുടരുന്ന സാഹചര്യത്തിലും സ്വയം ശ്വാസമെടുക്കാൻ രാജേഷിന് സാധിക്കുന്നത് കൊണ്ടുമാണ് വെന്റിലേറ്ററിൽ നിന്നും മാറ്റുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കുന്നുണ്ട്.
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടേയും ടോക് ഷോകളിലൂടേയും അവതാരകനായാണ് രാജേഷ് ജനശ്രദ്ധ നേടിയത്. പിന്നീട് ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, നീന തുടങ്ങിയ മലയാള സിനിമകളിലും രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

