നടനും അവതാരകനുമായ രാജേഷ് കേശവ് ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
text_fieldsരാജേഷ് കേശവ്
നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. താരങ്ങളും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകൾ പങ്കിടുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജേഷിന്റെ സുഹൃത്ത് പ്രതാപ് ജയലക്ഷ്മി ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്‍റെ പൂർണരൂപം
‘പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15- 20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. പക്ഷെ വീണപ്പോള്‍ തന്നെ കാർഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല.
തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അവന് തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന, നമ്മുടെ സുഹൃത്തിന് വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. അവന്‍ തിരിച്ചു വരും. വന്നേ പറ്റൂ’ എന്നാണ് പ്രതാപ് ജയലക്ഷ്മി ഒരു ഫേയ്സ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

