സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് പരാതി: 'ധുരന്ധർ 2' വിവാദത്തിൽ വിശദീകരണവുമായി ആർ. മാധവൻ; ‘ദൃശ്യങ്ങളിൽ എവിടെയും പുകയോ സിഗരറ്റോ കാണാനില്ല’
text_fieldsആർ. മാധവൻ
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' എന്ന ചിത്രം വിവാദക്കുരുക്കിൽ. ചിത്രത്തിലെ ഒരു രംഗത്തിൽ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ദസം ഗ്രന്ഥിലെ വരികൾ ചൊല്ലുമ്പോൾ നടൻ ആർ. മാധവൻ സിഗരറ്റ് വലിച്ചു എന്നതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ മാധവൻ, രൺവീർ സിങ്, സംവിധായകൻ ആദിത്യ ധർ എന്നിവർക്കെതിരെ മുംബൈ മുളുണ്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശിവസേന നേതാവും സിഖ്സ് ഇൻ മഹാരാഷ്ട്ര ഗ്രൂപ്പ് പ്രസിഡന്റുമായ ഗുർജ്യോത് സിങ് കീറാണ് പരാതി നൽകിയത്. സിഖ് മതവിശ്വാസത്തെയും ഗുരുവാണിയെയും അപമാനിക്കുന്നതാണ് ഈ രംഗമെന്ന് അദ്ദേഹം ആരോപിച്ചു. വിവാദം കനത്തതോടെ വിശദീകരണവുമായി മാധവൻ രംഗത്തെത്തി. താൻ സിഗരറ്റ് വലിച്ചുകൊണ്ട് വിശുദ്ധ വരികൾ ചൊല്ലി എന്നത് തെറ്റായ ധാരണയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
‘വിശുദ്ധ വരികൾ ചൊല്ലുന്നതിന് മുമ്പ് തന്നെ സിഗരറ്റ് അണച്ചിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. സംവിധായകൻ ആദിത്യ ധർ ഇത്തരം കാര്യങ്ങളിൽ എന്നെക്കാൾ ശ്രദ്ധാലുവാണ്. ആ വരികൾ ചൊല്ലുമ്പോൾ കയ്യിൽ സിഗരറ്റ് ഉണ്ടാകരുതെന്നും പുക കാണരുതെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ സിഗരറ്റ് അണച്ചതിന് ശേഷമാണ് ആ രംഗം ചിത്രീകരിച്ചത്. ദൃശ്യങ്ങളിൽ എവിടെയും പുകയോ സിഗരറ്റോ കാണാനില്ല’ മാധവൻ വിഡിയോയിൽ പറഞ്ഞു.
മനപൂർവ്വമോ അല്ലാതെയോ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സിഖ് സമൂഹത്തോട് വലിയ ബഹുമാനമാണുള്ളതെന്നും മാധവൻ കൂട്ടിച്ചേർത്തു. എല്ലാ സിനിമയുടെ റിലീസിന് മുമ്പും താൻ സുവർണ്ണ ക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. നേരത്തെ, സിഖ് സമൂഹത്തോട് അണിയറപ്രവർത്തകർ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്നും ഗുർജ്യോത് സിങ് കീർ മുന്നറിയിപ്പ് നൽകിയിരുന്നു. മാധവന്റെ വിശദീകരണത്തോടെ വിവാദങ്ങൾ അടങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

