ഹിന്ദി സിനിമയിൽ ഒറ്റ ദിവസത്തിൽ ലഭിച്ച ഏറ്റവും വലിയ കലക്ഷൻ; ബോക്സ് ഓഫിസിൽ കുതിച്ച് ധുരന്ധർ 2
text_fieldsആദിത്യ ധറിന്റെ ധുരന്ധർ ദി റിവഞ്ച് എന്ന ചിത്രം കോടികൾ വാരിക്കൂട്ടി മുന്നേറുന്നു. ഒരു ഹിന്ദി ചിത്രത്തിന് ഇതുവരെ ഒറ്റ ദിവസത്തിൽ ലഭിച്ച ഏറ്റവും വലിയ കലക്ഷൻ എന്ന റെക്കോർഡ് ചിത്രം നേടി. നാല് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ഈ സ്പൈ ത്രില്ലർ ചിത്രം റെക്കോർഡ് തകർക്കുന്നത്. രൺവീർ സിങ് നായകനായ ചിത്രം ആഭ്യന്തരമായി 400 കോടിയും ലോകമെമ്പാടുമായി 700 കോടിയും നേടി.
ധുരന്ധർ 2 ആദ്യ ഭാഗത്തെക്കാൾ ഗംഭീരമാണെന്നാണ് പൊതുവെ ലഭിക്കുന്ന പ്രതികരണം. ചിത്രത്തിന്‍റെ ആദ്യഭാഗം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫിസ് കലക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് നേടിയിരുന്നു. ആക്ഷനും വയലൻസും നിറഞ്ഞ ധുരന്ധർ 2ന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. വലിയ രീതിയിലുള്ള വയലൻസ് രംഗങ്ങളും ആക്ഷനും മുഴുനീളെ ചിത്രത്തിൽ ഉള്ളതിനാൽ തന്നെ അതിന് വെട്ടു വീഴ്ത്തുക എന്നത് സാധ്യമല്ല. അതുകൊണ്ടാണ് ചിത്രം എ സർട്ടിഫിക്കറ്റിൽ തന്നെ റിലീസ് ചെയ്തത്.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. മേയ് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ്ങിനായി എത്തുമെന്നാണ് റിപ്പോർട്ട്. ഇത്തവണ സിനിമയുടെ സംഗീത അവകാശങ്ങളും മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറക്കിയത് സരിഗമയായിരുന്നു. എന്നാൽ ധുരന്ധർ 2ന്റെ സംഗീത അവകാശം ടി-സീരീസിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

