24 വർഷത്തെ നിയമപോരാട്ടത്തിന് അന്ത്യം; പ്രത്യുഷ കേസിൽ അന്തിമവിധി പറഞ്ഞ് സുപ്രീം കോടതി
text_fieldsരണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ ഏറെ ചർച്ച ചെയ്യപ്പെട്ട നടി പ്രത്യുഷയുടെ മരണത്തെ സംബന്ധിച്ചുള്ള കേസിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. ശിക്ഷക്കെതിരെ സിദ്ധാർത്ഥ് റെഡ്ഡി നൽകിയ ഹരജി കോടതി തള്ളി. സെഷൻസ് കോടതി വിധിച്ച അഞ്ച് വർഷത്തെ കഠിനതടവ് ഹൈകോടതി രണ്ട് വർഷമായി കുറച്ചിരുന്നു. എന്നാൽ ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, അഞ്ച് വർഷത്തെ തടവ് ശിക്ഷ പുനഃസ്ഥാപിക്കുകയും നാലാഴ്ചക്കകം കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
വിചാരണ കോടതിയുടെ കണ്ടെത്തലുകൾ സുപ്രീം കോടതി ശരിവെച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി വിധിച്ച ശിക്ഷാ കാലാവധി ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. തന്റെ മകളുടെ മരണത്തിന് നീതി തേടി പ്രത്യുഷയുടെ അമ്മ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഈ വിധിയിലേക്ക് നയിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇടപെടൽ നിരസിക്കുകയും ഉടനടി അറസ്റ്റ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തതോടെ, 24 വർഷം നീണ്ടുനിന്ന ഈ നിയമ പോരാട്ടത്തിന് അന്ത്യമായി.
തെലുങ്ക് സിനിമയിലും തമിഴിലും വളരെ ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു പ്രത്യുഷ. സിദ്ധാർത്ഥ് റെഡ്ഡിയുമായി പ്രത്യുഷക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 2002ൽ സിദ്ധാർത്ഥ് റെഡ്ഡിയുടെ കുടുംബം ഇവരുടെ ബന്ധത്തെ എതിർത്തതിനെത്തുടർന്ന് ഇരുവരും വിഷം കഴിച്ചതായി പറയപ്പെടുന്നു. ചികിത്സക്ക് ശേഷം സിദ്ധാർത്ഥ് രക്ഷപ്പെട്ടെങ്കിലും പ്രത്യുഷ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് സിദ്ധാർത്ഥിന് വിചാരണ കോടതി അഞ്ച് വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ ഹൈകോടതി ഇത് രണ്ട് വർഷമായി കുറച്ചു. ഇതിനെതിരെയാണ് പ്രത്യുഷയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്.
മുരളി നായകനായ മനുനീതി, പ്രഭുവിനൊപ്പം സൂപ്പർ കുടുംബം, വിജയകാന്തിനൊപ്പം തവസി, ഭാരതിരാജ സംവിധാനം ചെയ്ത കടൽ പൂക്കൾ' തുടങ്ങി ചുരുങ്ങിയ കാലയളവിൽ പതിനൊന്നോളം സിനിമകളിൽ അഭിനയിച്ച നടിയായിരുന്നു പ്രത്യുഷ. സ്ക്രീനിലെ മികച്ച സാന്നിധ്യവും പ്രകടനവും കൊണ്ട് അവർ ശ്രദ്ധിക്കപ്പെട്ടു. 2002ൽ തന്റെ 20-ാം വയസ്സിലാണ് വിഷം കഴിച്ച് പ്രത്യുഷ ആത്മഹത്യ ചെയ്തത്. അവരുടെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

