ഭാരതിരാജ ആശുപത്രിയിൽ; ആരോഗ്യനില വഷളാകുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി കുടുംബം
text_fieldsപ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭാരതിരാജയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനാരോഗ്യത്തെ തുടർന്ന് മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്. സംവിധായകന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി കുടുംബം സ്ഥിരീകരിച്ചു. എന്നാൽ ഭാരതിരാജയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായി ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.
ഡിസംബർ 27നാണ് ഭാരതിരാജക്ക് അസുഖം പിടിപെട്ടത്. തുടർന്ന് ബന്ധുക്കൾ അദ്ദേഹത്തെ ചെന്നൈയിലെ ടി. നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിൽ തുടരുകയാണ്. ശ്വാസതടസ്സം പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. സംവിധായകന്റെ ആരോഗ്യം വഷളാകുന്നുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, അദ്ദേഹം സുഖം പ്രാപിക്കുകയാണെന്ന് കുടുംബാംഗങ്ങൾ വിശദീകരണം നൽകി.
ഈ വർഷം മാർച്ചിലാണ് ഭാരതിരാജയുടെ മകൻ മനോജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മകന്‍റെ മരണവുമായി പൊരുത്തപ്പെടാൻ ഭാരതിരാജക്ക് കഴിഞ്ഞിരുന്നില്ല. ഭാരതിരാജയുടെ മാനസികാരോഗ്യം വളരെ മോശമാണെന്നും ആ നഷ്ടം താങ്ങാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും അടുത്തിടെ അദ്ദേഹത്തിന്‍റെ സഹോദരൻ ജയരാജ് പെരിയമയതേവർ പറഞ്ഞു. 1977ൽ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 40 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മോഹൻലാലിന്‍റെ തുടരും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അദ്ദേഹം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

