കിങ് ഖാന്റെ 60ാം പിറന്നാൾ ദിനത്തിൽ ചക് ദേ ഇന്ത്യയിലെ ‘കബീർ ഖാൻ’ പിറന്നു; റീൽ അല്ല, റിയൽ ലൈഫിൽ
text_fieldsമുംബൈ: ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച അർധരാത്രിയിൽ അമോൽ മജുംദാറിന്റെ പെൺപട്ടാളം ലോകം കീഴടക്കി നൃത്തം ചവിട്ടുമ്പോൾ, മഹാനഗരത്തിലെ മറ്റൊരിടത്ത് ബോളിവുഡിന്റെ കിങ് ഖാന് ഷഷ്ടി പൂർത്തി തികഞ്ഞതിന്റെ ആഘോഷം അവസാനിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
മുംബൈ നഗരത്തിലെ വസതിയായ മന്നത്തിന് പുറത്ത് പ്രിയ താരത്തിന് ആശംസനേരാൻ പിറന്നാൾ ദിനത്തിൽ തടിച്ചൂകൂടുന്ന ആരാധകർക്ക് നടുവിലേക്ക് ഇത്തവണ ഷാറൂഖ് എത്തിയിരുന്നില്ല. എന്നാൽ, മഹനഗരത്തിലെ ഏറ്റവും വലിയ കളിമുറ്റത്തിനു നടുവിൽ, ആരാധകരെ ത്രസിപ്പിച്ച് കിങ് ഖാന്റെ ഒരു കഥാപാത്രം ‘റിയൽ ലൈഫിൽ’ ജീവൻ വെക്കുന്നത് ലോകം കണ്ടു.
അലിബാഗിലെ ആഡംബര വീട്ടിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ ഷാറൂഖ് 60ാം പിറന്നാൾ ആഘോഷിച്ച അതേ ദിനത്തിൽ തന്നെ.
ഷാറൂഖിന്റെ സിനിമ ജീവിതത്തിൽ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായ ‘ചക്ദേ ഇന്ത്യ’യിലെ കബീർ ഖാൻ എന്ന കഥാപാത്രവും, ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏകദിന വനിതാ ലോകകപ്പ് കിരീടമണിഞ്ഞ ഇന്ത്യൻ ടീമിന്റെ പരിശീലകൻ അമോൽ മജുംദാറും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്.
മത്സരത്തിനു പിന്നാലെ, സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞത് ചക് ദേ ഇന്ത്യയും ഇന്ത്യൻ കോച്ചും തമ്മിലെ താരതമ്യവുമായിരുന്നു.
ഹോക്കി ലോകകപ്പ് ഫൈനലിൽ പാകിസ്താനെതിരെ പെനാൽറ്റി പാഴാക്കി, വിമർശകരുടെ പഴിയേറ്റുവാങ്ങിയ കരിയർ അവസാനിപ്പിച്ച കബീർ ഖാൻ, ഏഴു വർഷത്തിനു ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീം കോച്ചായി തിരികെയെത്തി പുതിയ ടീമിനെ കെട്ടിപ്പടുത്ത് ലോകകപ്പ് ജേതാക്കളാക്കി മാറ്റുന്നതാണ് ചക് ദേ ഇന്ത്യയുടെയും കബീർ ഖാന്റെയും കഥ.
എന്നാൽ, ചലച്ചിത്രത്തിലെ കഥയിൽ നിന്നും ചെറിയൊരു മാറ്റമുണ്ട് അമോൽ മജുംദറിന്റെ ‘റിയൽ’ ജീവിതത്തിന്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ റെക്കോഡുകൾ കുറിച്ച കരിയർ പടുത്തുയർത്തിയിട്ടും ഒരിക്കൽ പോലും ദേശീയ ടീമിൽ ഇടം ലഭിക്കാത്ത വിധി. സചിൻ ടെണ്ടുൽകറുടെ പരിശീലകൻ രമാകാന്ത് അച് രേകറുടെ പ്രിയ ശിഷ്യരിൽ ഒരാളായി കളി തുടങ്ങി, സചിനൊപ്പം പരിശീലനം നടത്തി, മുംബൈക്കു വേണ്ടി രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ച്വറിയുമായി റെക്കോഡ് പ്രകടനത്തോടെ അരങ്ങേറ്റം കുറിച്ച കരിയർ. 30 സെഞ്ച്വറിയും 60 അർധ സെഞ്ച്വറിയുമായി 11,000ത്തിലേറെ റൺസ് അടിച്ചുകൂട്ടിയിട്ടും ഒരിക്കൽ പോലും അമോലിനെ തേടി ദേശീയ ടീമിലേക്കുള്ള വിളിയെത്തിയില്ല.
സചിനും രാഹുൽ ദ്രാവിഡും, സൗരവ് ഗാംഗുലിയും, വി.വി.എസ് ലക്ഷ്മണും ഉൾപ്പെടുന്ന ഫാബുലസ് ഫോർ സംഘം ഇന്ത്യൻ ടീം വാണപ്പോൾ ദേശീയ ടീമിലേക്കുള്ള വാതിൽ അമോലിന് മുന്നിൽ കൊട്ടിയടക്കപ്പെടുകയായിരുന്നു.
അങ്ങനെ ഇതിഹാസങ്ങളുടെ നിഴലായി, 20 വർഷത്തോളം ആഭ്യന്തര ക്രിക്കറ്റിൽ തുടർന്ന ശേഷം, മധുര പ്രതികാരം പോലെ പരിശീലകന്റെ വേഷത്തിൽ ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞുകൊണ്ടാണ് അമോൽ മജുംദാർ സ്ക്രീനിലെ ഷാറൂഖിന്റെ ‘റീൽ ലൈഫിനെ’ റിയൽ ലൈഫിൽ പകർത്തിയത്.
ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യയുടെ കന്നി ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ, 2007ൽ പുറത്തിറങ്ങിയ ചക്ദേ ഇന്ത്യ ഓർമിപ്പിച്ച് നിരവധി സാമൂഹിക മാധ്യമ പോസ്റ്റുകളും വന്നു.
‘ചക് ദേ ഇന്ത്യയുടെ തുടർച്ചക്ക് ഏറ്റവും അനുയോജ്യമായ തിരക്കഥ ഇതാ. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാനായിട്ടും, ഒരിക്കൽ പോലും ഇന്ത്യക്കായി കളിക്കാൻ അവസരം ലഭിക്കാത്ത അമോൽ മജുംദാർ. 2023 ൽ, അദ്ദേഹം വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി. ഇപ്പോൾ, അവരെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു’ -ഒരു ആരാധകൻ കുറിച്ചു.
അതിവിദൂരമല്ലാത്ത ഭാവിയിൽ ബോളിവുഡിൽ ക്രിക്കറ്റിന്റെ ചക്ദേ ഇന്ത്യ എന്ന ബയോ പികും പുറത്തിറക്കാം -മറ്റൊരു പോസ്റ്റ് ഇങ്ങനെ.
കാലംതെറ്റി പിറന്ന ലെജൻഡ്
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 11,167 റൺസ്, കാൽനൂറ്റാണ്ട് കാലം തന്റേതാക്കി മാറ്റിയ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റക്കാരന്റെ റെക്കോഡ് ഇന്നിങ്സ് (260 റൺസ്), 30 സെഞ്ച്വറി അലങ്കാരമായ രണ്ടു പതിറ്റാണ്ടുകാലത്തെ കരിയർ. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ എല്ലാം വെട്ടിപ്പിടിച്ചതായിരുന്നു അമോൽ മജുംദാറിന്റെ കരിയർ. എന്നാൽ, ഇന്ത്യൻ ടീമിൽ ഒരു തവണയെങ്കിലും കളിക്കുകയെന്ന സ്വപ്നം മാത്രം ബാക്കിയായി.
സചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി ഉൾപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ഫാബുലസ് ഫോർ’ ക്രീസ് വാണ കാലം തന്നെയായിരുന്നു മജുംദാറിന്റെ സ്വപ്നങ്ങൾക്കും തിരിച്ചടിയായി മാറിയത്.
മുംബൈക്കു വേണ്ടി മൂന്നും നാലും സ്ഥാനങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരത്തിന് പക്ഷേ, ദേശീയ ടീമിൽ ആ പൊസിഷനിലേക്കൊരു അവസരമില്ലായിരുന്നു. വെല്ലുവിളികളില്ലാതെ സചിനും കൂട്ടുകാരും ഇന്ത്യൻ ടീമിനെ തങ്ങളുടേതാക്കി മാറ്റിയപ്പോൾ പൊലിഞ്ഞുപോയ കരിയറുകളിൽ ഒന്നായി മജുംദാറും മാറി. 1994-95ൽ ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം ഇന്ത്യ‘എ’ ടീമിൽ കളിച്ചുവെങ്കിലും അതിനപ്പുറത്തേക്ക് ടെസ്റ്റിലോ ഏകദിനത്തിലോ വിളിയെത്തിയില്ല.
എന്നാൽ, രഞ്ജിയിൽ തന്റെ ഇരിപ്പിടം ഭദ്രമാക്കിയ അമോൽ പോരാട്ടം തുടർന്നു. 1993 മുതൽ 2009 വരെ 16 വർഷത്തോളം മഹാരഥൻമാർ വാണ മുംബൈയുടെ രഞ്ജി ടീമിൽ നിത്യസാന്നിധ്യമായി. 2006-07ൽ മുംബൈയെ 37ാം രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചപ്പോൾ ക്യാപ്റ്റനായി. 2009ൽ മുംബൈയോട് യാത്രപറഞ്ഞ ശേഷം അസ്സമിനും (2009-12), പിന്നെ ആന്ധ്രക്കും (2013-14) വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശേഷം 40ാം വയസ്സിലാണ് സജീവ ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞത്. അപ്പോഴേക്കും, 170ൽ ഏറെ ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 30 സെഞ്ച്വറിയും 60 അർധ സെഞ്ച്വറിയുമായി 48.13 ശരാശരിയിൽ 11,167 റൺസും പിറന്നിരുന്നു. ലിസ്റ്റ് ‘എ’ ക്രിക്കറ്റിൽ 113 മത്സരങ്ങളിൽ 3286 റൺസും, ട്വന്റി20യിൽ 14 മത്സരങ്ങളിൽ 174 റൺസും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

