‘ദൈവം മാത്രമാണ് ടൈഗർ ഷ്റോഫിനെ രക്ഷിച്ചത്’; വിഷയം രാഷ്ട്രീയവൽക്കരിക്കില്ലെന്ന് രാജ് ബബ്ബർ, സർക്കാരിനെതിരെ രൂക്ഷവിമർശനം
text_fields രാജ് ബബ്ബർ, ടൈഗർ ഷ്റോഫ്
ബോളിവുഡിനെ ഞെട്ടിച്ച ടൈഗർ ഷ്റോഫ് വെടിവെപ്പ് കേസിൽ പ്രതികരിച്ച് മുതിർന്ന നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബർ. ടൈഗർ ഷ്രോഫ് തനിക്ക് സ്വന്തം കുടുംബാംഗത്തെ പോലെയാണെന്നും ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും രാജ് ബബ്ബർ വ്യക്തമാക്കി.
‘ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അവൻ എന്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്. ജാക്കി എന്റെ വളരെ അടുത്ത സഹപ്രവർത്തകനാണ് അവന്റെ കുട്ടി എന്റെ കുട്ടിയെപ്പോലെയാണ്. ദൈവം അവന്റെ ജീവൻ രക്ഷിച്ചു’ രാജ് ബബ്ബർ പറഞ്ഞു.
ജാക്കി ഷ്റോഫുമായി പതിറ്റാണ്ടുകളായി തുടരുന്ന അടുത്ത സൗഹൃദമാണ് തനിക്കുള്ളതെന്നും ടൈഗറിനെ മകനെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിയേൽക്കാതെ ടൈഗർ രക്ഷപ്പെട്ടതിൽ വലിയ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന് തുല്യമായ ഒരാൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ലെന്നും രാജ് ബബ്ബർ പറഞ്ഞു.
‘മഹാരാഷ്ട്രയിൽ ക്രമസമാധാനം പൂർണമായും തകർന്നു. 1980-1990 കാലഘട്ടത്തിലെ അന്തരീക്ഷം വീണ്ടും തിരിച്ചുവരുകയാണ്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഇല്ലാതാക്കിയ അന്തരീക്ഷമാണിത്. ഇന്ന് വീണ്ടും അങ്ങനെ സംഭവിക്കുന്നത് ഖേദകരമാണ്. ഇത് വലിയ നിർഭാഗ്യമാണെന്നും രാജ് ബബ്ബർ പറഞ്ഞു.
ആദ്യം രോഹിത് ഷെട്ടിക്ക് നേരെ, പിന്നെ സൽമാൻ ഖാന് നേരെ. വ്യക്തികൾക്ക് സുരക്ഷ നൽകുന്നു എന്ന് പറഞ്ഞാൽ മാത്രം പോരാ, പകരം മുഴുവൻ നഗരത്തിനും മഹാരാഷ്ട്രക്കും സുരക്ഷ നൽകണം. ബിജെപി സർക്കാർ അധികാരത്തിലുള്ളിടത്തെല്ലാം ക്രമസമാധാനം തകർന്നു. ക്രൈമും ഡ്രഗ്സും വർധിച്ചു. നിങ്ങളുടെ കയ്യിൽ എല്ലാ ഏജൻസികളും ഉണ്ടായിട്ടും നിങ്ങൾ എവിടെയാണ് പരാജയപ്പെടുന്നത്? എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ഞായറാഴ്ച, ഒക്ടോബർ 18 ന് മുംബൈയിലെ ജുഹു മേഖലയിലാണ് സംഭവം നടന്നത്. ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിന്‍റെ കാറിന് നേരെ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ടൈഗർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശരീരത്തിൽ നിസാര പരിക്കുകളോടെ താരം രക്ഷപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന ഉമേഷ് ചൗഹാൻ എന്ന വ്ലോഗർക്കും വെടിയേറ്റു.
ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുംബൈ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെയും രാജസ്ഥാനിലെ കോട്ടയിൽ വെച്ച് പൊലീസ് പിടികൂടി. ഇവരെ മുംബൈയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യും.
സമീപകാലത്തായി ബോളിവുഡ് താരങ്ങൾക്ക് നേരെ ഭീഷണികളും ആക്രമണങ്ങളും വർധിക്കുന്നതിനിടെയാണ് ടൈഗർ ഷ്റോഫിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് ബോളിവുഡിൽ വീണ്ടും സുരക്ഷാ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.
ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തി വൈരാഗ്യമോ, മറ്റെന്തെങ്കിലും കാരണമോ ആണോ വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ.

