ദിവസവും 7,000 സ്റ്റെപ്പുകൾ, ആഴ്ചയിൽ 6 വർക്ക്ഔട്ടുകൾ; പ്രായത്തെ വെല്ലുന്ന നിത അംബാനിയുടെ ആരോഗ്യ രഹസ്യം
text_fieldsരാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ മുകേഷ് അംബാനിയുടെ ഭാര്യയും സംരംഭകയുമായ നിത അംബാനി ആരോഗ്യകരമായ ജീവിതശൈലിയുടെയും ഫിറ്റ്‌നസിന്റെയും കാര്യത്തിൽ എന്നും മാതൃകയാണ്. പ്രായത്തെ വെല്ലുന്ന ഊർജസ്വലതയോടെയും ആരോഗ്യത്തോടെയും മുന്നേറുന്ന അവർ, തന്റെ നിത്യജീവിതത്തിലെ ഫിറ്റ്‌നസ് രഹസ്യങ്ങളും ഭക്ഷണശീലങ്ങളും അടുത്തിടെ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കേവലം സൗന്ദര്യത്തിനപ്പുറം മാനസികവും ശാരീരികവുമായ ഉന്മേഷമാണ് തന്റെ ഫിറ്റ്‌നസ് ലക്ഷ്യമെന്ന് നിത വ്യക്തമാക്കുന്നു.
വർഷങ്ങളായി കൃത്യമായ വ്യായാമശൈലി പിന്തുടരുന്ന വ്യക്തിയാണ് നിത അംബാനി. ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ അവർ വർക്ക് ഔട്ടുകൾക്കായി മാറ്റിവെക്കുന്നു. ഒരേ വ്യായാമം ആവർത്തിക്കുന്നതിന് പകരം വ്യത്യസ്ത മസിലുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള റൂട്ടീനാണ് അവർ പിന്തുടരുന്നത്. ‘എന്റെ പ്രിയപ്പെട്ട ദിവസങ്ങൾ ലെഗ് ഡേയ്സ് ആണ്. ഒരു നർത്തകിയെന്ന നിലയിൽ എനിക്ക് ശക്തമായ കാലുകളാണുള്ളത്’ എന്ന് അവർ പറയുന്നു. തന്റെ ആറാം വയസ്സു മുതൽ ഭരതനാട്യം അഭ്യസിക്കുന്ന ഇവർ, നൃത്തത്തെയും ചലനങ്ങളെയും ഫിറ്റ്‌നസിന്റെ പ്രധാന ഭാഗമായി കാണുന്നു.
ശക്തി വർധിപ്പിക്കുന്നതിനുള്ള സ്ട്രെങ്ത് ട്രെയിനിങ്, യോഗ, ബോഡി ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ, കോർ മസിലുകൾക്കായുള്ള പരിശീലനങ്ങൾ എന്നിവയെല്ലാം ഇവരുടെ വർക്ക് ഔട്ടിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ നീന്തലും ജലാശയങ്ങളിലെ വ്യായാമങ്ങളും ചെയ്യാറുണ്ട്. ഒരു മണിക്കൂർ നൃത്തം ചെയ്യുന്നതും ദിവസേന 5,000 മുതൽ 7,000 വരെ സ്റ്റെപ്പുകൾ നടക്കുന്നതും ശീലമായെന്ന് നിത പറയുന്നു.
വ്യായാമം ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിർത്താൻ മാത്രമല്ല, മാനസിക ഉന്മേഷത്തിനും സമ്മർദം കുറക്കുന്ന 'ഹാപ്പി ഹോർമോണുകൾ' പുറത്തുവിടാനും സഹായിക്കുന്നുവെന്നും നിത പറയുന്നു. കൊച്ചുമക്കളുടെ ഒപ്പം ഓടിക്കളിക്കാനുള്ള ഊർജം നൽകുന്നത് ഈ വ്യായാമങ്ങളാണ്. പ്രായമാകുന്നതിനെ പ്രതിരോധിക്കുകയല്ല, മറിച്ച് അതിനെ ആത്മവിശ്വാസത്തോടെ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് നിതയുടെ ഫിറ്റ്‌നസ് ദർശനം.
ഭക്ഷണക്രമത്തിൽ തികഞ്ഞ സസ്യഭുക്കാണ് നിത അംബാനി. ഓർഗാനിക്കും പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾക്കാണ് ഇവർ മുൻഗണന നൽകുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിന്റെ പ്രധാന ഭാഗമാണ്. പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ പൂർണ്ണമായി ഒഴിവാക്കി, പോഷകസമൃദ്ധമായ പ്രകൃതിദത്ത ഭക്ഷണങ്ങൾ മാത്രമാണ് ഇവർ കഴിക്കുന്നത്. കഠിനമായ ഡയറ്റ് രീതികളേക്കാൾ, സ്ഥിരതയുള്ള ആരോഗ്യകരമായ ശീലങ്ങളാണ് ഫലം കാണുക എന്ന് അവർ ഓർമിപ്പിക്കുന്നു.
ആരോഗ്യത്തിന് മുൻഗണന നൽകാൻ ആഗ്രഹിക്കുന്നവരോട് ചെറിയ രീതിയിൽ തുടങ്ങാനാണ് നിത അംബാനി നിർദേശിക്കുന്നത്. ആഴ്ചയിൽ നാല് ദിവസം, ദിവസം വെറും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. സജീവമായിരിക്കുക, മിതമായ രീതിയിൽ ഭക്ഷണം കഴിക്കുക, ഏത് പ്രായത്തിലും ശക്തമായിരിക്കുക എന്നതാണ് നിതയുടെ ആരോഗ്യ രഹസ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

