
‘വന്നു കീഴടക്കി’; നയൻതാരയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൊടുമുടി കയറുന്നു
text_fieldsസമൂഹമാധ്യമങ്ങളുടെ കൂട്ടത്തിൽ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടമാണ് ഇൻസ്റ്റഗ്രാം എന്ന ഫോട്ടോ ഷെയറിങ് ആപ്പ്. ഇൻസ്റ്റഗ്രാമിൽ ഏറെ വൈകി എത്തിയ ആളാണ് പാൻ ഇന്ത്യൻ താരം നയൻതാര. സോഷ്യൽമീഡിയ ലോകത്തേക്കുള്ള നയൻതാരയുടെ വരവും കാത്തിരിക്കുന്ന ആരാധകർക്ക് ആ സന്തോഷവാർത്ത ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ജവാന്റെ റിലീസിനോടടുത്താണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇൻസ്റ്റഗ്രാം അകൗണ്ട് തുടങ്ങി 13 ദിവസംകൊണ്ട് നയൻസിന് 50 ലക്ഷം ഫോളേവേഴ്സിനെ ലഭിച്ചതായണ് പുതിയ വിവരം.
അകൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലേറെ പേരാണ് നയതാരയെ പിന്തുടരാനെത്തിയത്. ആദ്യം തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച നയന്‍താര പിന്നീട് ജവാന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പ്രേക്ഷകർക്കു പരിചയപ്പെടുത്തിയത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നായിരുന്നു ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിരുന്നു.
മക്കൾക്ക് ഒപ്പമുള്ള വീഡിയോയും, ഭർത്താവിനൊപ്പമുള്ള ഫോട്ടോകളും ജവാൻ സിനിമയുടെ ട്രെയിലറും ഫോട്ടോകളുമടക്കം ആകെ 10 പോസ്റ്റുകൾ മാത്രമാണ് താരം ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നതും. മലയാള താരങ്ങൾ ഉൾപ്പെടെ നയൻതാരയുടെ ഫോളവേഴ്സ് ലിസ്റ്റിലുണ്ട്. നയൻസ് ഫോളോ ചെയ്യുന്നതാകട്ടെ അഞ്ചു പേരെയും. ഭർത്താവ് വിഗ്നേഷ് ശിവൻ, നടൻ ഷാരൂഖ് ഖാൻ, റൗഡി പിക്ചേഴ്സ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെയാണ് നയൻതാര ഫോളോ ചെയ്യുന്നത്.
