'തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ആസ്ട്രേലിയയിൽ പോകുവല്ല'; സ്വയം ട്രോളി നവ്യ നായർ
text_fieldsഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്വയം ട്രോളി നടി നവ്യ നായർ. വിമാനത്തിലിരിക്കുന്ന പഴയൊരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. ചിത്രം എപ്പോൾ എടുത്തതാണെന്ന് ഓർമയില്ലെന്നും തലയിൽ മുല്ലപ്പൂ വെക്കാത്തത്തിനാൽ ആസ്ട്രേലിയയിലേക്കല്ലെന്നുമാണ് നവ്യയുടെ അടിക്കുറിപ്പ്. നേരത്തെ, ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളം മുല്ലപ്പൂ കൈവശം വെച്ചതിൽ നവ്യക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ ചുമത്തിയിരുന്നു.
'എവിടെ ആണോ എന്തോ.. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ആസ്ട്രേലിയ പോകുവല്ല… ഹാപ്പി മടി പിടിച്ച ഡേ... ഈ ഫോട്ടോ ഏത് യാത്രയിലാണ് എടുത്തതെന്ന് എനിക്ക് ശരിക്കും ഓർമയില്ല. പക്ഷേ എന്റെ മുടിയിൽ മുല്ലപ്പൂക്കൾ ഇല്ലാത്തതിനാൽ, അത് ഓസ്ട്രേലിയൻ യാത്ര ആയിരുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്' -എന്നതായിരുന്നു നവ്യയുടെ പോസ്റ്റ്.
15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് ആസ്ട്രേലിയൻ യാത്രയിൽ നവ്യയുടെ പക്കല്‍ ഉണ്ടായിരുന്നത്. നവ്യ തന്നെയാണ് തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യ നായര്‍ ആസ്‌ട്രേലിയയിലേക്ക് പോയത്. പരിപാടിക്കിടെ നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നു എന്ന് താരം പറഞ്ഞു. 1980 ആസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ആസ്‌ട്രേലിയന്‍ കൃഷിവകുപ്പ് പിഴ ഈടാക്കിയത്.
ആസ്ട്രേലിയക്ക് വരുന്നതിന് മുമ്പ് അച്ഛനാണ് തനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നതെന്നും അതിൽ ഒരു ഭാഗം ഹാന്‍ഡ്ബാഗില്‍ സൂക്ഷിച്ചിരുന്നെന്നും നവ്യ പറഞ്ഞു. ഇതിനാണ് പിഴ ഈടാക്കിയത്. ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു എന്ന് അറിയില്ലായിരുന്നു എന്ന് നവ്യ വ്യക്തമാക്കി. ആസ്‌ട്രേലിയൻ യാത്രയുടെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 'ഫൈൻ അടിക്കുന്നേന് തൊട്ടു മുമ്പുള്ള പ്രഹസനം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

