'ദയവായി സഹായിക്കൂ...അവർ ഞങ്ങളെ കൊല്ലും' -അപേക്ഷയുമായി മൊണാലിസയും ഫർമാനും
text_fieldsമൊണാലിസയും ഫർമാനും
അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി തമ്പാനൂർ പൊലീസിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയുടെ വാർത്ത കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് പെൺകുട്ടി കാമുകനായ ഫർമാൻ ഖാനൊപ്പം കേരളത്തിൽ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് ഫർമാൻ ഖാനെ യുവതി വിവാഹം ചെയ്തു. ഇപ്പോഴിതാ, തങ്ങൾക്ക് വധ ഭീഷണി ഉണ്ടെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് രംഗത്തുവന്നിരിക്കുകയാണ് ദമ്പതികൾ. മൊണാലിസയുടെ ഫേസ്ബുക്ക് പേജിലാണ് സഹായം ചോദിച്ചുകൊണ്ടുള്ള വിഡിയോ പങ്കുവെച്ചത്.
കേരള മുഖ്യമന്ത്രിയോടും പൊലീസ് കമീഷണറോടും മാധ്യമങ്ങളോടും അഭ്യർഥിക്കുകയാണെന്നും, സുരക്ഷ ആവശ്യപ്പെട്ട് അധികാരികൾക്ക് ഔദ്യോഗികമായി കത്തുകളും ഇമെയിലുകളും അയച്ചിട്ടുണ്ടെന്നും മൊണാലിസ പറഞ്ഞു. 'ഞാൻ മൊണാലിസ ഭോസാലെ. ഇത് എന്റെ ഭർത്താവ് ഫർമാൻ ഖാൻ ആണ്. എല്ലാവർക്കും ഒരു കത്ത് സഹിതം ഞാൻ ഈ വിഡിയോ മെയിൽ ചെയ്യുന്നു. ദയവായി ഞങ്ങളെ സഹായിക്കൂ. വധിക്കുമെന്നും അംഗഭംഗം വരുത്തുമെന്നും അവർ ഞങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു'- മൊണാലിസ വിഡിയോയിൽ പറഞ്ഞു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ഒന്നരക്കൊല്ലമായി പ്രണയത്തിലായിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തെരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

