‘മൈ ഫോൺ നമ്പർ ഈസ് 2255’; വീണ്ടും ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ
text_fieldsമോഹൻലാലും അദ്ദേഹത്തിന്റെ ഐക്കോണിക് നമ്പറായ '2255' ഉം തമ്മിലുള്ള ബന്ധം വീണ്ടും വാർത്തകളിൽ നിറയുന്നു. 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലെ ‘മൈ ഫോൺ നമ്പർ ഈസ് 2255’ എന്ന ഡയലോഗ് മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല. പതിറ്റാണ്ടുകൾക്ക് ശേഷവും ആവേശം ചോരാത്ത ആ നമ്പർ ഇപ്പോൾ മോഹൻലാലിന്റെ പുതിയ വാഹനത്തിന്റെ ഭാഗമാവുകയാണ്. എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ KL-07 DJ 2255 എന്ന നമ്പറിനായി 1.80 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ മുടക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ വിലയുള്ള ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് പുതിയ നമ്പർ.
ഓണ്‍ലൈനായി നടന്ന ലേലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു DJ 2255 എന്ന നമ്പറിനായി രംഗത്തുണ്ടായിരുന്നത്. എറണാകുളം ജോയിന്റ് ആർ.ടി.ഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം. ഇതാദ്യമായല്ല മോഹൻലാൽ 2255 എന്ന നമ്പർ വാഹനങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്. അദ്ദേഹത്തിന്റെ കാരവന്റെ നമ്പറും 2255 (KL-07 CZ 2255) തന്നെയാണ്. ആഡംബര വാഹനമായ വെൽഫയറിന് 2020 എന്ന നമ്പറും, റേഞ്ച് റോവറിന് '0001' എന്ന നമ്പറുമാണ്. നിർമാതാവായ ആന്റണി പെരുമ്പാവൂരും അടുത്തിടെ തന്റെ വോൾവോ കാറിനായി 2255 എന്ന നമ്പർ 3.20 ലക്ഷം രൂപക്ക് സ്വന്തമാക്കിയിരുന്നു.
ടൊയോട്ടയുടെ ഏറ്റവും ജനപ്രിയമായ എം.പി.വി (MPV) മോഡലുകളിൽ ഒന്നാണ് ഇനോവ ഹൈക്രോസ്. പെട്രോൾ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടറും പ്രവർത്തിക്കുന്ന സെൽഫ് ചാർജിങ് ഹൈബ്രിഡ് സംവിധാനമാണ് ഇതിലുള്ളത്. ഇത് മികച്ച മൈലേജ് നൽകാൻ സഹായിക്കുന്നു. ഏകദേശം 20 ലക്ഷം മുതൽ 31 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. മോഹൻലാൽ വാങ്ങിയ ടോപ്പ് എൻഡ് മോഡലിന് നികുതിയും മറ്റും ചേർത്ത് ഏകദേശം 33 ലക്ഷം രൂപക്ക് മുകളിൽ വില വരും. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഒട്ടോമൻ ശൈലിയിലുള്ള പിൻസീറ്റുകൾ (ലൗഞ്ച് സീറ്റുകൾ), പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഈ വാഹനത്തിലുണ്ട്. 6 എയർബാഗുകൾ, എ.ഡി.എ.എസ് (ADAS - Advanced Driver Assistance Systems) തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

