‘ഞങ്ങളെ വെറുതെ വിടൂ, ഇത്തരം മഞ്ഞപ്പത്രങ്ങളെ വിശ്വസിക്കരുത്’; വ്യാജവാർത്തകൾക്കെതിരെ മൈക്കിൾ ജാക്സന്റെ സഹോദരപുത്രൻ
text_fieldsതാജ് ജാക്സൺ, മൈക്കിൾ ജാക്സൺ
ലോസ് ഏഞ്ചൽസ്: അന്തരിച്ച പോപ്പ് രാജാവ് മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ 'മൈക്കിൾ' എന്ന സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരവെ, ജാക്സൺ കുടുംബത്തിനെതിരെ ഉയരുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സഹോദരപുത്രൻ താജ് ജാക്സൺ. സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കുടുംബം ഒരു സംഗീത പര്യടനത്തിന് (Thriller Tour) പദ്ധതിയിടുന്നു എന്ന 'ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ടാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിനെതിരെ എക്സിലൂടെയാണ് താജ് ജാക്സൺ പ്രതികരിച്ചത്. ‘ന്യൂയോർക്ക് പോസ്റ്റ്, വീണ്ടും നിങ്ങളെ എനിക്ക് തിരുത്തേണ്ടി വരുമോ? നിങ്ങളുടെ നുണകളും ക്ലിക്ക് ബെയ്റ്റ് വാർത്തകളുമായി എന്റെ കുടുംബത്തെ വെറുതെ വിടൂ. നിങ്ങളുടെ വ്യാജ സ്രോതസ്സുകളെ വിശ്വസിക്കരുത്’ താജ് കുറിച്ചു. മുമ്പ് മൈക്കിൾ ജാക്സനെതിരെയുള്ള കേസ് നടന്ന സമയത്ത് പ്രോസിക്യൂഷനൊപ്പം നിന്നവരാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും മാധ്യമങ്ങൾ ഇത്തരം മഞ്ഞപ്പത്രങ്ങളെ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 24ന് റിലീസ് ചെയ്ത ചിത്രത്തിൽ മൈക്കിൾ ജാക്സന്റെ മറ്റൊരു സഹോദരപുത്രനായ ജാഫർ ജാക്സണാണ് നായകനായെത്തിയത്. ജാഫറിന്റെ പ്രകടനത്തിന് മികച്ച പ്രശംസ ലഭിക്കുന്നുണ്ടെങ്കിലും സിനിമയെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് വരുന്നത്. മൈക്കിൾ ജാക്സന്റെ പ്രതിച്ഛായ വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണ് സിനിമയെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, ആരാധകർ സിനിമയെ ഏറ്റെടുത്തിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനോടകം ഏകദേശം 1,800 കോടി രൂപ ആഗോളതലത്തിൽ ചിത്രം നേടിയിട്ടുണ്ട്. എട്ടാം ദിവസം ഇന്ത്യയിൽ 3.09 കോടി രൂപയാണ് ചിത്രം ഗ്രോസ് കലക്ഷനായി നേടിയത്. മുൻ ദിവസത്തെ അപേക്ഷിച്ച് കലക്ഷനിൽ 10.4 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മൈക്കിൾ ജാക്സനെതിരെയുള്ള ബാലപീഡന ആരോപണങ്ങൾ സിനിമ അവഗണിച്ചുവെന്ന തരത്തിൽ 'ലീവിങ് നെവർലാൻഡ്' ഡയറക്ടർ ഡാൻ റീഡ് ഉൾപ്പെടെയുള്ളവർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു. ഇതിനിടയിലാണ് ടൂർ സംബന്ധിച്ച പുതിയ വിവാദങ്ങൾ കൂടി പുകയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

