‘രാഷ്ട്രീയമില്ലെന്ന് പറഞ്ഞയാളാണ് ഞാൻ, എന്നാൽ ഇപ്പോൾ മിണ്ടാതിരിക്കാനാവില്ല’; വിദ്യാർഥി സമരത്തിന് പിന്തുണയുമായി മാത്യു തോമസ്
text_fieldsമാത്യു തോമസ്
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാത്യു തോമസ്. രാജ്യതലസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങൾ കണ്ടശേഷം കൂടുതൽ കാലം മൗനം പാലിക്കാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വിദ്യാർഥി സമരത്തിന് പിന്തുണയർപ്പിച്ച് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു മാത്യു.
സാധാരണയായി ഇത്തരം വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്താറില്ലെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന ദൃശ്യങ്ങൾ തന്നെ ഏറെ അസ്വസ്ഥനാക്കിയെന്ന് മാത്യു തോമസ് പറഞ്ഞു. ‘പൊതുവേ ഇത്തരം വിഷയങ്ങളിലൊന്നും ഇടപെടാനോ സംസാരിക്കാനോ താല്പര്യമില്ലാത്ത ആളായിരുന്നു ഞാൻ. രാഷ്ട്രീയം ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് രാഷ്ട്രീയമില്ല എന്ന് ഉത്തരം നൽകിയിരുന്ന വ്യക്തി. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന കാര്യങ്ങൾ കണ്ടപ്പോൾ അങ്ങനെ നിശബ്ദനായിരിക്കാൻ മനസ്സുവരുന്നില്ല. അത്രയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത് മാത്യു പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ഇൻസ്റ്റാഗ്രാം ഫീഡുകളിൽ വരുന്ന വാർത്തകളും ദൃശ്യങ്ങളും കാണുമ്പോൾ സംസാരിക്കാതിരിക്കാൻ സാധിക്കുന്നില്ല. എല്ലാവർക്കും ഡൽഹിയിൽ നേരിട്ടെത്തി പ്രതിഷേധത്തിൽ പങ്കാളികളാകാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും നമ്മളാൽ കഴിയുന്ന രീതിയിൽ പ്രതികരിക്കുകയും ശബ്ദമുയർത്തുകയും വേണം. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും അറിയാത്ത ധാരാളം ആളുകളുണ്ട്. അവരോട് കാര്യങ്ങൾ സമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കണം. നമ്മൾ എന്തുകൊണ്ട് ഈ പ്രതിഷേധത്തിന്റെ ഭാഗമാകണമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
നമ്മൾ എന്ത് ചെയ്താലും അത് പൂർണ്ണമായും സമാധാനപരമായ മാർഗ്ഗത്തിലൂടെയായിരിക്കണം. ആർക്കും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയിലാവണം നമ്മുടെ പ്രതിഷേധം മുൻപോട്ടു കൊണ്ടുപോകേണ്ടത്. ഡൽഹിയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി മലയാള ചലച്ചിത്ര ലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, ആസിഫ് അലി, ദുൽഖർ സൽമാൻ, വിസ്മയ മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

