ദാവൂദിനൊപ്പമുള്ള വിവാദ ചിത്രത്തിൽ പ്രതികരിച്ച് മന്ദാകിനി; ‘ദുബൈയിലേക്ക് ക്ഷണിച്ചത് അയാളല്ല, ഷോയ്ക്ക് പോയതാണ്’
text_fieldsദാവൂദ് ഇബ്രാഹിം, മന്ദാകിനി
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമൊത്തുള്ള വിവാദ ചിത്രം വീണ്ടും പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുൻകാല ബോളിവുഡ് നടി മന്ദാകിനി. തന്നെ ദാവൂദ് ഇബ്രാഹിം ക്ഷണിച്ചതല്ലെന്ന് നടി വ്യക്തമാക്കി. ഒരു ഷോയ്ക്കായി ദുബൈയിൽ പോയപ്പോൾ ക്രിക്കറ്റ് മത്സരം കാണാൻ പോയ സന്ദർഭത്തിലാണ് ചിത്രം എടുത്തതെന്നും അവർ പറഞ്ഞു. അടുത്തിടെ ഒരു ചാനലിന് നൽകകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ദാകിനിയുടെ പ്രതികരണം.
ചിത്രം പുറത്തുവന്നതിന് പിന്നാലെ ഉയർന്ന റിപ്പോർട്ടുകളിലും അഭ്യൂഹങ്ങളിലും തനിക്ക് യാതൊരു നിയന്ത്രണവുമില്ലായിരുന്നുവെന്നും മന്ദാകിനി പറഞ്ഞു. വിവാദം തന്റെ സിനിമാ കരിയറിനെ ഗുരുതരമായി ബാധിച്ചുവെന്നും നടി വെളിപ്പെടുത്തി. ദുബൈയിൽ ഒരു പ്രൊഫഷണൽ പരിപാടിക്കായാണ് പോയതെന്ന് മന്ദാകിനി വിശദീകരിച്ചു. അവിടെവെച്ചാണ് ക്രിക്കറ്റ് മത്സരം കാണാൻ പോയത്.
നിരവധി പേർ അവിടെ ഉണ്ടായിരുന്നുവെന്നും ഒരു കലാകാരി എന്ന നിലയിൽ ആരുമായി ഇടപഴകണമെന്ന് പശ്ചാത്തലം നോക്കി തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ‘ആർക്കെന്ത് എഴുതണമെങ്കിലും, എന്ത് പറയണമെങ്കിലും പറയട്ടെ, അതിന്മേൽ നമുക്ക് നിയന്ത്രണമില്ല. ഒരു കലാകാരന് ആയിരക്കണക്കിന് ആളുകളെ കാണേണ്ടി വരും, ഞങ്ങൾക്ക് എല്ലാവരും തുല്യരാണ്. ഒപ്പം ഒരുപാട് പേരുണ്ടായിരുന്നു... ആരെ തിരഞ്ഞെടുക്കണം, ആരെ തിരഞ്ഞെടുക്കരുത്... ഞങ്ങൾ അവിടെ ഒരു ഷോയ്ക്ക് വേണ്ടിയാണ് പോയത്. ഇല്ല, ദാവൂദ് എന്നെ ക്ഷണിച്ചതല്ല. അപ്പോൾ എനിക്കത് മനസ്സിലായില്ല’ മന്ദാകിനി പറഞ്ഞു.
ചിത്രമെടുക്കുന്ന സമയത്ത് അതിന്റെ പ്രത്യാഘാതം മനസ്സിലാക്കിയിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ ചിത്രം പുറത്തുവന്നതോടെ അത് പല അഭ്യൂഹങ്ങൾക്ക് വഴിമാറുകയായിരുന്നെന്നും മന്ദാകിനി പറയുന്നു. വിവാദം തന്റെ പ്രൊഫഷണൽ ജീവിതത്തെ ബാധിച്ചുവെന്നും ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ടീം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം പിന്നീടാണ് മനസ്സിലായതെന്നും മന്ദാകിനി പറഞ്ഞു.
1985ൽ രാജ് കപൂറിന്റെ 'റാം തേരി ഗംഗാ മൈലി' എന്ന ചിത്രത്തിലൂടെയാണ് മന്ദാകിനി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. രാജീവ് കപൂറായിരുന്നു നായകൻ. ചിത്രം വൻ ബോക്സോഫീസ് വിജയമാവുകയും മന്ദാകിനി ഒറ്റരാത്രികൊണ്ട് താരമാക്കുകയും ചെയ്തു. ചിത്രത്തിലെ വിവാദ രംഗങ്ങളും അവരുടെ പ്രകടനവും ആ ദശകത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട നടിമാരിൽ ഒരാളാക്കി അവരെ മാറ്റി.
പിന്നീട് 'ജീവ', 'ഡാൻസ് ഡാൻസ്', 'പ്യാർ കർക്കെ ദേഖോ', 'കമാൻഡോ', 'ജീതേ ഹേ ഷാൻ സേ', 'കഹാൻ ഹേ കാനൂൻ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മിഥുൻ ചക്രവർത്തി, ഗോവിന്ദ, ആദിത്യ പഞ്ചോളി തുടങ്ങിയ താരങ്ങൾക്കൊപ്പവും മന്ദാകിനി അഭിനയിച്ചു. 1996ൽ പുറത്തിറങ്ങിയ 'സോർദാർ' ആയിരുന്നു അവസാന ചിത്രം. അതിന് ശേഷം മുഖ്യധാരാ സിനിമയിൽ നിന്ന് അവർ വിട്ടുനിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

