ഞാനും ഈ തലമുറയിൽ പെട്ടയാളാണ്, എന്നെയാരും പഴയതാക്കണ്ട; പുരസ്കാര സന്തോഷം പങ്കുവെച്ച് മമ്മൂട്ടി
text_fieldsമികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരനേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി.മാധ്യമങ്ങളെ കണ്ട മമ്മൂട്ടി തന്റെ കൂടെ പുരസ്കാരം നേടിയ എല്ലാ ജേതാക്കൾക്കും അഭിനന്ദനങ്ങൾ നേർന്നു. ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞായിരുന്നു അഭിനന്ദനങ്ങൾ. ഒരിക്കലും അവാർഡ് പ്രതീക്ഷല്ല സിനിമ ചെയ്യുന്നതെന്നും കഥാപാത്രങ്ങളും കഥയും മികച്ചതാകുമ്പോൾ സംഭവിക്കുന്നതാണ് അതെന്നും മമ്മൂട്ടി പറഞ്ഞു. ഇതൊരു യാത്രയാണ്. കൂടെ നിൽക്കുന്ന എല്ലാവരെയും ഒപ്പം ചേർത്തുപിടിക്കുക. എല്ലാവരെയും തോൽപിക്കാൻ ഇതൊരു ഓട്ടമത്സരമൊന്നുമല്ലല്ലോയെന്നും മമ്മൂട്ടി ചോദിച്ചു. പുതിയ തലമുറയാണ് ഇക്കുറി അവാർഡുകളെല്ലാം കൊണ്ടുപോയിരിക്കുന്നത് എന്ന ചോദ്യത്തിനും മമ്മൂട്ടിക്ക് രസകരമായ മറുപടിയുണ്ടായിരുന്നു. ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ. എന്നെയാരും പഴയതാക്കണ്ട എന്നായിരുന്നു ആ മറുപടി. റിലീസിനൊരുങ്ങുന്ന കളങ്കാവിൽ ബോക്സ് തൂക്കുമോ എന്ന ചോദ്യത്തിനും കിട്ടി തക്കതായ മറുപടി.
തൂക്കാനെന്താ കട്ടിയാണോ എന്നായിരുന്നു മഹാനടന്റെ ചിരിയിൽ പൊതിഞ്ഞുള്ള മറുചോദ്യം. കൊടുമൺ പോറ്റിയായി വിസ്മയം തീർത്താണ് മമ്മൂട്ടി ഇക്കുറി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മമ്മൂട്ടിക്ക് സ്വയം പുതുക്കാനുള്ള വേദിയാണ് ഓരോ സിനിമയും.
മലയാളത്തിൽ ഏറ്റവും കൂടുതൽ മികച്ച നടനുള്ള പുരസ്കാരം നേടിയ റെക്കോഡും മമ്മൂട്ടി സ്വന്തമാക്കി. 1981ൽ അഹിംസ എന്ന സിനിമയിലൂടെയാണ് ആദ്യ പുരസ്കാര നേട്ടം. പിന്നീട് അടിയൊഴുക്കുകൾ, യാത്ര, നിറക്കൂട്ട്, ഒരു വടക്കൻ വീരഗാഥ, മൃഗയ, വിധേയൻ, പൊന്തൻമാട, കാഴ്ച, പാലേരി മാണിക്യം, നൻപകൽ നേരത്ത് മയക്കം, ഭ്രമയുഗം ഇങ്ങനെ പോകുന്ന മഹാനടന്റെ അവാർഡ് പെരുമ. മമ്മൂട്ടി മലയാള സിനിമയുടെ മുഖമായിട്ട് 50 വർഷം കഴിഞ്ഞു.
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടൻ. 'ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും' എന്ന് മമ്മൂട്ടി തന്നെ തന്‍റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

