‘മനസ്സ് കൊണ്ട് ജെൻ സി ആകണം’; പ്രായം ശരീരത്തിന് മാത്രമെന്ന് മമ്മൂട്ടി
text_fieldsമമ്മൂട്ടി
പ്രായം എന്നത് ശരീരത്തിന് മാത്രമുള്ളതാണെന്നും അത് ഒരിക്കലും മനസ്സിനെ ബാധിക്കാൻ അനുവദിക്കരുതെന്നും മമ്മൂട്ടി. കൊച്ചിയിൽ 'ഞാറ്റുവേല' വാട്സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഭാര്യ സുൽഫത്തും അദ്ദേഹത്തോടൊപ്പം പരിപാടിയിൽ സന്നിഹിതയായിരുന്നു.
ചടങ്ങിൽ തന്റെ യൗവനത്തിന്റെയും ഊർജ്ജസ്വലതയുടെയും രഹസ്യം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി നടത്തിയ പരാമർശങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. ‘പ്രായം നമ്മുടെ മനസിന് വരരുത്. ശരീരത്തിന് വന്നോട്ടെ, അതൊക്കെ നമുക്ക് ഡൈ ഒക്കെയിട്ട് ശരിയാക്കാം. മനസിന് വന്ന് കഴിഞ്ഞാൽ നമ്മൾ പോകും. നമ്മൾ മനസു കൊണ്ട് ജെൻ സികൾ ആവുക എന്നേ എനിക്ക് പറയാനുള്ളൂ. അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ. വേറൊന്നും കൊണ്ടല്ല, നമ്മൾ അന്യരായി പോകും’ മമ്മൂട്ടി പറഞ്ഞു.
യുവാക്കൾ രാജ്യത്തിന്‍റെ നിധിയാണെന്നും അവരുടെ ശബ്ദങ്ങൾ കേൾക്കണമെന്നും മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ നിധി. അവരെ കേൾക്കൂ. അവരെ സംരക്ഷിക്കുക. അവരെ ശാക്തീകരിക്കുക എന്നാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി പറഞ്ഞത്.
ചിങ്ങം ഒന്നിന് ആരാധകർക്ക് ആശംസകൾ അറിയിച്ചു കൊണ്ടും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. 'എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ'- എന്നാണ് മമ്മൂട്ടി തന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അന്നേ ദിവസം തന്നെ കേൾവിയുടെ പുതുലോകത്തേക്ക് പിച്ചവെക്കുകയാണ് വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും.
ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇവർക്ക് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു നടപ്പാക്കുന്ന ‘കാതോടു കാതോരം’ പദ്ധതിയാണ് തുണയായത്. തങ്ങളുടെ പ്രിയപ്പെട്ട താരമായ മമ്മൂട്ടി കൊടുത്തയച്ച മനോഹരമായ കസവുമുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും മക്കളെ അണിയിക്കുമ്പോൾ അമ്മ ബോബിനയുടെ കണ്ണുകൾ ആനന്ദംകൊണ്ട് നിറഞ്ഞു. മലയാളികളുടെ പ്രിയപ്പെട്ട നടന്റെ ഈ സ്നേഹസമ്മാനം ആ കുടുംബത്തിന് ചിങ്ങപ്പുലരിയിൽ ഇരട്ടി മധുരമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

