ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും
text_fieldsനടൻ മമ്മൂട്ടി കൊടുത്തയച്ച ഓണസമ്മാനമായ റേഡിയോയും കസവുമുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടുമണിഞ്ഞ് മിഖായേലും മിഹോക്കും
കൊച്ചി: ചിങ്ങം പിറക്കുമ്പോൾ കേൾവിയുടെ പുതുലോകത്തേക്ക് പിച്ചവെക്കുകയാണ് വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇവർക്ക് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു നടപ്പാക്കുന്ന ‘കാതോടു കാതോരം’ പദ്ധതിയാണ് തുണയായത്.
മമ്മൂട്ടി കൊടുത്തയച്ച കസവുമുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും മക്കളെ അണിയിക്കുമ്പോൾ അമ്മ ബോബിനയുടെ കണ്ണ് നിറഞ്ഞു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മിഖായേലിന് രണ്ടു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കേൾവി തകരാർ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായെ കണ്ട് കൂടെയുണ്ടായിരുന്നവർ ഓടിയെങ്കിലും മിഖായേൽ അത് കേട്ടില്ല. കേൾവിയെ സഹായിക്കുന്ന കോക്ലിയയിലെ കോശങ്ങൾക്ക് ആയിരുന്നു തകരാർ. ഇതിനിടെ, മിഹോക്കിനും സമാനമായ ലക്ഷണങ്ങൾ കണ്ടു. ചെറിയ പ്രായത്തിൽ തന്നെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്യുന്നതാണ് ഫലപ്രദമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ദിവസവേതനക്കാരനായ സോനുവിന് മക്കളുടെ ചികിത്സക്കായി 25 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു.
സർക്കാറിന്റെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പദ്ധതിയിൽ പേര് നൽകി കാത്തിരിക്കുകയായിരുന്നു സോനു. അതിനിടയിലാണ് ബോബിന പത്രത്തിലൂടെ ‘കാതോട് കാതോരം’ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഉടനെ കുടുംബത്തിന്റെ അവസ്ഥയും കുട്ടികളുടെ വിവരവുമടക്കം കെയർ ആൻഡ് ഷെയർ ഭാരവാഹികൾക്ക് അപേക്ഷ നൽകി.
രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഇ.എൻ.ടി സർജൻ ഡോ. സജിത്ത് അബ്രഹാം, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, ഇംപ്ലാന്റ് കോഓഡിനേറ്റർ എൽജി എം. മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, സീനിയർ സ്പീച്ച് തെറപ്പിസ്റ്റ് സാറ പോൾ എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

