വി.ഡി. സതീശന്റെ പേര് പരാമർശിച്ചതിൽ ബഹുമാനക്കുറവ്: മഹേഷ് കുഞ്ഞുമോന് നേരെ സൈബർ ആക്രമണം
text_fieldsവി.ഡി. സതീശൻ, മഹേഷ് കുഞ്ഞുമോൻ
വിദേശത്ത് മിമിക്രി അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പേര് പരാമർശിച്ചപ്പോൾ ബഹുമാനപദങ്ങൾ ചേർത്തില്ലെന്ന് ആരോപിച്ച് പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണം. അയർലൻഡിൽ സംഘടിപ്പിച്ച ഒരു സ്റ്റേജ് പരിപാടിക്കിടെയാണ് വിവാദത്തിനാസ്പദമായ സംഭവം അരങ്ങേറിയത്. പെർഫോമൻസിനിടെ വി.ഡി. സതീശൻ എന്ന് മാത്രം അഭിസംബോധന ചെയ്തത് അദ്ദേഹത്തോടുള്ള ബഹുമാനക്കുറവ് കൊണ്ടാണെന്ന തരത്തിലാണ് പ്രചാരണം ശക്തമായത്.
സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണെന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. തനിക്കെതിരെ അധിക്ഷേപം നടത്തുന്നവർ അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നുവെന്നും മഹേഷ് ഫേസ്ബുക്കിൽ കുറിച്ചു.
സ്റ്റേജ് പരിപാടിക്കിടെ വി ഡി സതീശന്റെ ശബ്ദം അനുകരിച്ചുള്ള പെര്‍ഫോര്‍മന്‍സിനിടെ എല്‍.ഇ.ഡി വാളില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കാന്‍ മൈക്കിലൂടെ 'വി.ഡി സതീശന്‍' എന്ന് പറഞ്ഞിരുന്നു. അതിനിടെ 'സര്‍' എന്നോ 'മുഖ്യമന്ത്രി' എന്നോ ചേര്‍ത്തിരുന്നില്ലെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവും അധിക്ഷേപവും ഉയരുന്നതെന്ന് മഹേഷ് കുഞ്ഞുമോൻ പറയുന്നു.
വിഡിയോയുടെ ഈ ഭാഗം മാത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന തരത്തില്‍ പ്രചരിപ്പിക്കുകയും വ്യാപകമായ സൈബര്‍ ആക്രമണത്തിന് മഹേഷ് വിധേയമാവുകയുമായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ച് മഹേഷ് കുഞ്ഞുമോന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭാഗത്ത് നിന്നുമുണ്ടായ വാക്കുകളില്‍ ആര്‍ക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
തന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ കാരണം ആർക്കെങ്കിലും മനസ്താപമോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഹൃദയംഗമമായ ക്ഷമ ചോദിക്കുന്നതായി മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും, എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവർ അത് മാന്യമായ ഭാഷയിൽ പ്രകടിപ്പിക്കാൻ തയാറാകണം. വ്യക്തിഹത്യ നടത്തുന്നതും അസഭ്യം പറയുന്നതുമായ സന്ദേശങ്ങൾ ഒരാളെ മാനസികമായി തളർത്തും. അതിനാൽ എല്ലാവരും പരസ്പര ബഹുമാനവും മനുഷ്യത്വവും കാത്തുസൂക്ഷിക്കണം. പ്രതിസന്ധി ഘട്ടത്തിലും തനിക്ക് സ്നേഹവും പിന്തുണയും നൽകിയ മുഴുവൻ പ്രിയപ്പെട്ടവർക്കും താരം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

