Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഓരോ വേഷത്തിലും വൈവിധ്യം തീർത്ത പ്രതിഭ’: നാനാ പടേക്കറുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

text_fields
bookmark_border
Nana Patekar
cancel
camera_alt

നരേന്ദ്ര മോദി, നാനാ പടേക്കർ

ന്യൂഡൽഹി: പ്രശസ്ത നടൻ നാനാ പടേക്കറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 75 വയസ്സായിരുന്നു നാനാ പടേക്കറിന്. ഗോവയിലെ ദോണ പൗളയിലെ വസതിയിൽ പുലർച്ചെ 5.20ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

‘നാനാ പടേക്കറെ പോലെ തീവ്രമായ അഭിനയം കാഴ്ചവെക്കാൻ വളരെ ചുരുക്കം നടന്മാർക്ക് മാത്രമേ കഴിയൂ. ഓരോ വേഷത്തിലും അദ്ദേഹം ശ്രദ്ധേയമായ വൈവിധ്യവും സർഗ്ഗാത്മകതയും കൊണ്ടുവന്നു, തലമുറകളോളം ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു. താൻ വിശ്വസിക്കുന്ന കാര്യം പ്രകടിപ്പിക്കാൻ ഒരിക്കലും മടിക്കാത്ത, തുറന്നതും നേരിട്ടുള്ളതുമായ കാഴ്ചപ്പാടുകൾക്കും അദ്ദേഹം പ്രശംസിക്കപ്പെട്ടിരുന്നു.

ഹിന്ദി, മറാത്തി സിനിമകളിലെ നാനാ പടേക്കറുടെ സംഭാവന അപാരമാണ്. അദ്ദേഹത്തിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

നാനാ പടേക്കറുടെ വിയോഗത്തിൽ അനുശോചിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എത്തിയിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്നതിലുപരി, തന്റെ അടുത്ത സുഹൃത്തും ഗോവയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ച പ്രതിബദ്ധനായ സാമൂഹിക പ്രവർത്തകനുമായിരുന്നു നാനാ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഈ ദുഃഖ നിമിഷത്തിൽ ഞാൻ കുടുംബത്തോടൊപ്പമുണ്ട്’ എന്ന് മന്ത്രി പറഞ്ഞു. ഗോവയിൽ വരുമ്പോഴെല്ലാം അദ്ദേഹം എന്നെ വ്യക്തിപരമായി വിളിക്കുമായിരുന്നു. നാല് ദിവസം മുൻപ് ഗോവയിൽ നാനാ പടേക്കർ പങ്കെടുത്ത പരിപാടിയിൽ താനും പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ മറ്റ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

‘ഗോവയിലെ തന്റെ നാം ഫൗണ്ടേഷനിലൂടെ അദ്ദേഹം ഒരുപാട് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഗോവയിൽ തന്റെ സാമൂഹിക പ്രവർത്തനം വിപുലീകരിക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. അദ്ദേഹം നമ്മെ വിട്ടുപോയത് ദുഃഖകരമാണ് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് ദിവസം മുൻപ് ചെറുപ്പക്കാരായ കൊങ്കണി കലാകാരന്മാർക്കൊപ്പം നാനാ നൃത്തം ചെയ്യുന്ന ഒരു വിഡിയോ താൻ കണ്ടിരുന്നതായും മുഖ്യമന്ത്രി ഓർത്തു. ഹിന്ദി സിനിമകൾക്കപ്പുറം, മറാത്തി സിനിമയിലെ അദ്ദേഹത്തിന്റെ സംഭാവനയും ഓർമിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അനുശോചനം രേഖപ്പെടുത്തി. ‘ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ നടൻ നാനാ പടേക്കറുടെ നിര്യാണ വാർത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമാണ്. അദ്ദേഹത്തിന് എന്റെ ഹൃദയംഗമായ ആദരാഞ്ജലികൾ. നാനായും ഞാനും വളരെ അടുത്തതും സൗഹൃദപരവുമായ ബന്ധം പങ്കിട്ടിരുന്നു.

തന്റെ ശക്തമായ അഭിനയത്തിലൂടെ, മറാത്തി, ഹിന്ദി സിനിമകളിലൂടെ അഞ്ച് പതിറ്റാണ്ടിലേറെയായി നാനാ പടേക്കർ സിനിമാ പ്രേമികളുടെ ഹൃദയങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. തന്റെ വ്യതിരിക്തമായ സംഭാഷണ ശൈലിയിലൂടെ അദ്ദേഹം സിനിമകളിലെ പല കഥാപാത്രങ്ങളെയും അനശ്വരമാക്കുകയും തന്റേതായ വ്യക്തിത്വം സൃഷ്ടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമാ വ്യവസായത്തിന് വലിയ നഷ്ടമാണ്’ ഗഡ്കരി എക്സിൽ കുറിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Leaders Mourn Loss Of Legendary Actor Nana Patekar
Next Story