'ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന നഖം മോഹൻലാലിന്‍റേതാണ്'; വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മിപ്രിയ
text_fieldsദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് നടി ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പിന് വലിയ വിമർശനമായിരുന്നു നേരിട്ടത്. ഇപ്പോഴിതാ, വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി. ആദ്യകുറിപ്പിൽ 'ഹോഗ്ഗനക്കലെ കാട്ടിൽ അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്തു സൂക്ഷിച്ചു വെച്ചു' എന്ന് ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. ഇതാണ് വിമർശനത്തിന് കാരണമായത്. 'ചുറ്റുമുള്ളവർ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവർ അവർക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ' എന്ന് പുതിയ പോസ്റ്റിൽ നടി കുറിച്ചു.
ലക്ഷ്മിപ്രിയയുടെ കുറിപ്പ്
അതേ, ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹൻലാലിന്റെതാണ്. അത്രയധികം ആരാധനയും സ്നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റിൽ എഴുതിയ മിക്ക ചിത്രങ്ങളും 1991,92 വർഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988ൽ ആണ്. 1989ൽ ആണ് കിരീടം. വരവേല്പ്പും ആ വർഷം തന്നെയാണ്. അതിനും മുൻപേ 1986ൽ ആണ് സന്മനസ്സുള്ളവർക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986ൽ. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തിൽ ആണ്.
പിന്നെയും വർഷങ്ങളും, ഓരോ വർഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താൽ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും. എത്ര എത്ര വ്യത്യസ്തമാർന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യൻ സിനിമയിൽ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോർഡുകൾ ആണ് അതെല്ലാം.... അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സിൽ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താൽ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.
മോഹൻലാൽ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കിൽ ഓസ്കാർ അവാർഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടാകുമായിരുന്നു? ഞാൻ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞതിലും. സർവ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയിൽ ഞാനുമുണ്ട് എന്നതിലും.
എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാൻ ജീവിച്ചു പൊയ്ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവർ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവർ അവർക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ.... അതിനവരെ അനുവദിക്കൂ.
ഹൃദയപൂർവ്വം ലക്ഷ്മി പ്രിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

