Begin typing your search above and press return to search.
exit_to_app
exit_to_app
കുസൃതിയില്ലാത്ത അഭിനയ ജീവിതം
cancel
camera_alt

കനി കുസൃതി 


കനി കുസൃതി ഇവിടെയുണ്ടായിരുന്നു; നാടക നടിയായി, മോഡലായി, ഹ്രസ്വചിത്രങ്ങളിലെ സ്​ഥിരം സാന്നിധ്യമായി... ഇപ്പോഴിതാ മികച്ച നടിക്കുള്ള സംസ്​ഥാന അവാർഡ്​ കനിയെ തേടിയെത്തിയിരിക്കുന്നു. സജിൻ ബാബുവി​െൻറ ബിരിയാണി എന്ന സിനിമയിൽ 'ഖദീജ'യെന്ന സാധാരണക്കാരിയുടെ ജീവിതം അവതരിപ്പിച്ചതിനാണ്​ പുരസ്​കാരം. ഇതിനകം ഒ​ട്ടേറെ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച്​ ബിരിയാണി പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്​. നാടകവേദിയിൽ നിന്ന്​ കിട്ടിയ ഊർജം സിനിമയിലേക്ക്​ പകർന്നപ്പോൾ കിട്ടിയ അവിസ്​മരണീയ നേട്ടത്തി​െൻറ ​സന്തോഷത്തിലാണ് കനി കുസൃതി. വേറിട്ട ജീവിതവും ചിന്തയും കടന്നുവന്ന വഴികളും കനി കുസൃതി 'വാരാദ്യ മാധ്യമ'വുമായി പങ്കുവെക്കുന്നു.

നാടകത്തിൽ നിന്ന്​ തുടക്കം

അഭിനയ മേഖലയിൽ​ 20 വർഷമായി. ആദ്യമായി നാടകവേദിയിൽ കയറിയത്​ 15ാം വയസ്സിലാണ്​. അച്ഛ​െൻറയും അമ്മയുടെയും പരിചയത്തിലെ നാടകസംഘം അഭിനേതാവിനെ തേടിയെത്തിയപ്പോൾ 'നീ പോയി അഭിനയിച്ചു​നോക്ക്'​ എന്ന് അമ്മ പറഞ്ഞു. അവരെ സഹായിക്കണമെന്ന്​ എനിക്കും ആഗ്രഹമുണ്ടായിരുന്നു. അഭിനയിക്ക​ണമെന്ന്​ താൽപര്യമില്ലാതിരുന്നിട്ടും അങ്ങനെയാണ്​ 'അഭിനയ' നാടകസംഘത്തിലെ നടിയായത്. വ്യവസ്​ഥിതിയെ ചോദ്യംചെയ്യുന്ന 'പ്രഹസനം' ആക്ഷേപഹാസ്യമായിരുന്നു.

ഇന്ത്യയിൽ പലയിടങ്ങളിൽ അനേകം വേദികളിൽ നാടകം കളിച്ചു. 2003ൽ ദീപൻ ശിവരാമ​െൻറ 'കമല' നാടകം ചെയ്​തുകൊണ്ടിരിക്കേയാണ്​ സിനിമയിലേക്ക്​ അവസരം വന്നത്​. 17 വയസ്സ്​ ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന്​ അഭിനയിക്കാൻ പോയെങ്കിലും അത്ര സുഖകരമായ അനുഭവമായിരുന്നില്ല​. അതിനു​ശേഷം കുറെ വർഷങ്ങളിൽ സിനിമ അവസരങ്ങൾ വന്നെങ്കിലും അവ ഒഴിവാക്കുകയായിരുന്നു. കുടുംബ സൃഹൃത്തായിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്​ത 'അന്യർ' എന്ന സിനിമയിൽ പിന്നീട്​ ചെറിയ വേഷം ചെയ്​തു.

സ്​കൂൾ ഓഫ്​ ഡ്രാമയിലും പാരിസിലും

2005ഓടെയാണ്​ നാടകവുമായി അടുപ്പം തുടങ്ങുന്നത്​. നാടകാഭിനയം വളരെ ഗൗരവമായെടുത്തു തുടങ്ങിയപ്പോഴാണ്​ തൃശൂരിൽ സ്​കൂൾ ഓഫ്​ ഡ്രാമയിൽ ചേരുന്നത്​. അന്ന്​ അവിടെ വളരെ കുറച്ച്​ പെൺകുട്ടികളേ ഉണ്ടായിരുന്നുള്ളൂ. പാരിസിലെ ഫിസിക്കൽ തിയറ്റർ സ്കൂളായ ജാക്വസ് ലെക്കോക്കിലും നാടകപരിശീലനം നേടി. 2010വരെയായിരുന്നു പഠനം. ഒരുപാട്​ നാടകങ്ങൾ പല ഭാഷകളിലായി അഭിനയിച്ചു. മത്സര നാടകങ്ങളിൽ ശ്രദ്ധിച്ചിരു​ന്നില്ലെന്നതായിരുന്നു വാസ്​തവം.


ഒരുപാട്​ അഭിനന്ദനങ്ങൾ പ്രമുഖ നടന്മാരിൽനിന്നും നാടകാചാര്യന്മാരിൽ നിന്നുണ്ടായിട്ടുണ്ട്​. അത്​ അംഗീകാരമായി കരുതുന്നു. ഇന്ത്യൻ നാടകവേദിയിലെ അതികായനായ ഹബീബ്​ തൻവീറിൽ നിന്ന്​ അഭിനന്ദനം ലഭിച്ചത്​ നിധിയായി കരുതുന്നു. ഹിന്ദിയിലെ പ്രമുഖനടൻ ശശികപൂറി​െൻറ അഭിനന്ദനവും വിലപ്പെട്ടതാണ്​. രാധിക ആപ്​തേ ഉൾപ്പെടെ പ്രമുഖ സിനിമ-നാടക നടിമാരുമായുള്ള സൗഹൃദം തുടരുന്നുണ്ട്​.

സിനിമയിലെ രണ്ടാംവരവ്​

സിനിമയുടെ സാധ്യത ഉ​പയോഗപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ്​ രണ്ടാംവരവ്.16-17 വയസ്സിൽ ഒ​ട്ടേറെ ആശങ്കളോടെയാണ്​ സിനിമയെ സമീപിച്ചിരുന്നത്. എന്തൊക്കെ പറയണം, എന്തൊക്കെ പറയാൻ പാടില്ല എന്ന ആശങ്ക അലട്ടിയിരുന്നു. ഇതി​െൻറ ഭാഗമായുണ്ടായ മാനസിക വൈഷമ്യങ്ങളാണ്​ സിനിമയിൽനിന്ന്​ അകറ്റിയത്. എന്നാൽ, 25 വയസ്സിൽ സിനിമയിൽ തിരിച്ചെത്തു​േമ്പാൾ എന്തും തുറന്നുപറയാൻ പഠിച്ചിരുന്നു. എങ്കിലും പിടിച്ചുനിൽക്കാൻ ഒരുപാട്​ കഷ്​ടപ്പെടേണ്ടിവന്നു. 2009ൽ 'കേരള കഫേ'യിൽ ചെറുവേഷം ചെയ്​തു. മൂന്നുനാലു സിനിമകളിലും അവസരം ലഭിച്ചു. കുറച്ച്​ ഷോർട്ട്​​ ഫിലിമുകളും ചെയ്​തു.

സിനിമയും

വ്യത്യസ്​ത അനുഭവങ്ങളാണ്​ രണ്ടിനും. ഞാൻ ആസ്വദിക്കുന്നതും പൂർണ അനുഭവം തരുന്നതും​ നാടകത്തി​െൻറ അരങ്ങും അണിയറയും തന്നെയാണ്. സെറ്റും വേഷവിധാനങ്ങളും അടുക്കളയും ഒക്കെയായി ക്യാമ്പി​െൻറ അനുഭവം വേറെത്തന്നെയാണ്​. അതേസമയം, അഭിനയത്തിൽ വെല്ലുവിളികളും ഏറെയുണ്ട്. നാടകത്തിലെ കഥാപാത്രത്തോടുള്ള ഇൻവോൾവ്​മെൻറ്​ പത്തും നൂറും ഇരുന്നൂറും സ്​റ്റേജുകളിൽ തുടരുക എന്നത്​ എളുപ്പമല്ല. സിനിമയിലാണെങ്കിൽ ആ ഇൻവോൾവ്​മെൻറ്​ ഒരൊറ്റ ടേക്കിൽ ഒതുങ്ങും. ഷോർട്ട്​ഫിലിമുകളൊക്കെ താരതമ്യേന എളുപ്പമാണ്​.

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണ്​ ഷോർട്ട്​ ഫിലിമുകൾ എല്ലാം ചെയ്​തിട്ടുള്ളത്​. പലതിനും പല അവാർഡുകളും കിട്ടിയിട്ടുണ്ട്​. 'മാ' എന്ന തമിഴ്​ ഷോർട്ട്​ ഫിലിമിന്​ അഭിനയത്തിന്​ ക്രിട്ടിക്​സ്​ ചോയ്​സ്​ അവാർഡ്​ കിട്ടിയിരുന്നു. ഹിന്ദി ഷോർട്ട്​ ഫിലിം 'കൗണ്ടർഫീറ്റ്​ കുങ്കു'വിന്​ പല അവാർഡുകളും ലഭിച്ചിട്ടുണ്ട്​.

ഇഷ്​ട കഥാപാത്രങ്ങൾ

ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ്​ ഇഷ്​ടം. ആക്ഷേപഹാസ്യ നാടകമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്​. ഒടുവിൽ ചെയ്​ത 'ഡിസ്​ക്രീറ്റ്​ ചാം ഓഫ്​ സവർണാസ്' എന്ന ലഘുചിത്രത്തിലും അഭിനയിക്കാൻ കാരണം കോമഡിയായിരുന്നു എന്നതാണ്​.


സമാന്തര സിനിമകളിലെ സജീവ സാന്നിധ്യം

ആ ഇമേജ്​ എങ്ങനെ വന്നുചേർന്നു എന്നറിയില്ല. ഇപ്പോൾ ഉള്ളവരും നേര​േത്ത സജീവമായിരുന്നവരുമായ 80 ശതമാനം മുഖ്യധാര സംവിധായകരോടും ചോദിച്ചാൽ അറിയാം, ചാൻസ്​ ചോദിച്ച്​ എത്രയോ തവണ വിളിച്ചിട്ടുണ്ടെന്ന്​. കഴിഞ്ഞ ആറോ ഏഴോ വർഷമായി അത്തരത്തിൽ ശ്രമം ഞാൻ നടത്തിയിരുന്നു. 'കനിയെ എനിക്കറിയില്ലേ, ചാൻസ്​ വരു​േമ്പാൾ അറിയിക്കാം' എന്നായിരുന്നു മിക്കവരുടെയും മറുപടി. അത്​ ആരുടെയും കുറ്റമായി പറയുകയല്ല. സമാന്തര സിനിമകൾ എന്നിലേക്ക്​ വന്നുചേർന്നതാണ്​.

ആക്​ടിവിസ്​റ്റ്​ അല്ല

ഞാൻ ആക്​ടിവിസ്​റ്റല്ല. മറിച്ചു​പറഞ്ഞാൽ യഥാർഥ ആക്​ടിവിസ്​റ്റുകൾ ​എന്നെ തല്ലും. തൊഴിലിടങ്ങളിൽ എ​െൻറ നിലപാട്​ പറഞ്ഞിട്ടുണ്ട്​. അല്ലാതെ പണി എടുത്തിട്ടില്ല. പണി എടുക്കുന്നവരാണല്ലോ ആക്​ടിവിസ്​റ്റുകൾ.

പാർവതിക്കൊപ്പം

പാർവതിയുടെ നിലപാടിനൊപ്പമാണ്​ ഞാൻ. മാത്രമല്ല ആക്രമിക്കപ്പെട്ട നടിയോടൊപ്പം തന്നെയാണ്​. വിവാദം ഉണ്ടാക്കിയ ആൾ സംസാരിച്ച രീതിയിൽ ഇൻസെൻസിറ്റിവ്​ ആയ കാര്യം ഉണ്ടായിരുന്നു. അത്​ ഒഴിവാക്കാമായിരുന്നു. ഈ നാട്ടിൽ വളരു​േമ്പാൾ സ്​ത്രീകൾ ബഹുമാനമില്ലാത്ത മോശം വാക്കുകൾ ​കേട്ടാണ്​ വളരുന്നത്​. പക്ഷേ, അപ്പോഴും കൂടെയുള്ളവർ അങ്ങനെ പറയരുത്,​ കേൾക്കു​േമ്പാൾ ഞെട്ടലാകും ഉണ്ടാകുക. പാർവതിയുടെ നിലപാടിനോട്​ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വെമ്പുന്ന ഒരുപാട്​ പേർ സിനിമമേഖലയിൽ ഉണ്ട്. അത്​ എല്ലാവരും കേൾക്കണമെന്നില്ല, നമ്മൾ അറിയണമെന്നില്ല. പാർവതിയുടെ നിലപാടിൽ സന്തോഷിക്കുന്നതോടൊപ്പം ഇത്ര ഇൻസെൻസിറ്റിവ്​ ആയി സംസാരിക്കുന്നവരാണ്​ ചുറ്റുമുള്ളവർ എന്നറിയുന്നതിൽ സങ്കടവുമുണ്ട്​.

ഡബ്ല്യൂ.സി.സിയെ കുറിച്ച്​

ഏതൊരു സംഘടനക്കും അതി​​േൻറതായ ശക്​തിയും പരിമിതിയും ഉണ്ടാകും. എങ്കിലും ചരിത്രപരമായ പ്രത്യേക ഘട്ടത്തിൽ അതിന്​ പ്രാധാന്യമുണ്ട്​. സംഘശക്​തി ഒരു ബലമാണ്​. ആശ്രയമായി അങ്ങനെ ഇടം ഉണ്ടല്ലോ. അതേസമയം, എനിക്ക്​ എ​െൻറതായ ഇഷ്​ടങ്ങളും രാഷ്​ട്രീയവും ഉണ്ട്​. എന്നാൽ ഒരു സംഘടനയുടെയും ഭാഗമാകാൻ എനിക്ക്​ താൽപര്യമില്ല.

ബിരിയാണിയും ഖദീജയും

ഈ കഥാപാത്രം തയാറായപ്പോൾ കനി ചെയ്​താൽ നന്നാവും എന്ന്​ തോന്നിയിരുന്നതായാണ്​ സജിൻ പറഞ്ഞത്​. കഥ എന്നോട്​ പറഞ്ഞെങ്കിലും ആ കഥാപാത്രം എടുക്കുന്ന പല കാര്യങ്ങളും തീരുമാനങ്ങളും ഉൾ​െക്കാള്ളാനായില്ല. മാത്രമല്ല, കോൺഫിഡൻസ്​ കുറഞ്ഞ്​ ഇരിക്കുന്ന സമയത്തായിരുന്നു സജിൻ കഥ പറയുന്നത്​. ആ കഥാപാത്രത്തിന്​ കൊടുക്കേണ്ട ഉത്തരവാദിത്തവും തയാറെടുപ്പും എനിക്ക്​ ഉണ്ടാകുമോ എന്ന സംശയത്തിൽ മറ്റൊരാളെ നോക്കിക്കൊള്ളാൻ സജിനോട്​ പറയുകയായിരുന്നു.


എന്നാൽ, ആ കഥാപാത്രം ചെയ്യാൻ എന്നെ​ക്കൊണ്ടാകുമെന്ന ഉറപ്പ്​ സജിന്​ ഉണ്ടായിരുന്നു. അങ്ങനെയാണ്​ ഏറ്റെടുത്തത്​. ഒരു നടി എന്നനിലയിൽ ഏത്​ കഥാപാത്രത്തെയും ഉൾ​ക്കൊണ്ടല്ലേ പറ്റൂ. ഒരു സാധാരണ പിന്നാക്ക മുസ്​ലിം സ്ത്രീയുടെ ജീവിതത്തെ മുന്നിൽനിർത്തി മതം എങ്ങനെയാണ് സ്ത്രീയുടെ ഗാർഹിക ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നതെന്നതാണ്​ ഇതിവൃത്തം. എ​െൻറ ജീവിതത്തിൽനിന്ന്​ അകന്നു​നിൽക്കുന്ന ജീവിത പരിസരമാണ്​ ഖദീജക്ക്​. ഞാൻ അവരായിരുന്നെങ്കിൽ ഒരിക്കലും ഖദീജയെപ്പോലെ പെരുമാറില്ല എന്ന്​ ഉറപ്പാണ്​. അവരുടെ ഇമോഷനൽ ഗ്രാഫ്​ എനിക്ക്​ പരിചിതമല്ല. അവരുടെ ചിന്തയുടെയും തീരുമാനങ്ങളുടെയും യുക്​തിരാഹിത്യം ഞാൻ തുറന്നുപറഞ്ഞിരുന്നു.

പക്ഷേ, മിക്ക സ്​ത്രീകളും അനുഭവിക്കുന്ന ഒ​ട്ടേറെ അവഗണനകളും പ്രശ്​നങ്ങളും അവരും അനുഭവിക്കുന്നുണ്ട്​. നാം ചെയ്യുന്ന കഥാപാത്രങ്ങളിൽ നമ്മുടെ അംശമുണ്ടോ എന്ന്​ തിരക്കേണ്ട കാര്യമില്ലല്ലോ. 'വെരി നോർമൽ ഫാമിലി' എന്ന നാടകം അടുത്തിടെ ചെയ്​തിരുന്നു. അതിൽ 65-70 വയസ്സുള്ള സ്​ത്രിയായാണ്​ അഭിനയിച്ചത്​. വളരെ യാഥാസ്​ഥിതിക സ്വഭാവമുള്ള പണക്കൊതിയത്തിയായ പാലാക്കാരി. ഖദീജയേക്കാൾ ഉൾ​ക്കൊള്ളാൻ കഴിയാതിരുന്ന കഥാപാത്രമാണത്​.

അവാർഡ്​ നൽകിയ സന്തോഷം

മുമ്പ്​ അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും നാട്ടിലുള്ളവർ അംഗീകരിക്കു​േമ്പാഴാണ്​ ഏറെ സന്തോഷം. ​ഫോൺവിളികൾ വന്നു കൊണ്ടിരിക്കുന്നു. സു​രഭിക്ക്​ അവാർഡ്​ കിട്ടിയപ്പോൾ ഏറെ സ​ന്തോഷം തോന്നിയിരുന്നു. നാടകത്തിൽ നിന്നുള്ളവരെ തേടി അംഗീകാരമെത്തുന്നതുകൊണ്ടായിരിക്കാം. ഈ പുരസ്​കാരം വല്ലാത്ത ഉൗർജമാണ്​ തരുന്നത്​; സിനിമയിൽ കൂടുതലായി തുടരാനുള്ള ഊർജം.

Show Full Article
TAGS:Kani Kusruti Movie biriyani Kerala State film Award best actress 
Next Story