മഞ്ഞപ്പിത്തം; കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു
text_fieldsസന്തോഷ് ബാലരാജ്
കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 34 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നുവെന്നും അണുബാധ ശരീരത്തിലുടനീളം എളുപ്പത്തിൽ പടർന്നതിനാൽ ചൊവ്വാഴ്ച മരണം സംഭവിച്ചെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ചകളായി നടന്റെ ആരോഗ്യനില മോശമായി വരികയായിരുന്നു. അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കലും രക്ഷിക്കാനായില്ല. കന്നഡ നടനും നിർമാതാവുമായ അനേക്കൽ ബാലരാജിന്റെ മകനാണ് സന്തോഷ് ബാലരാജ്. കരിയ 2, കരിയ, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് അനേക്കൽ ബാലരാജാണ്. 2022ൽ അനേക്കൽ ബാലരാജ് ഒരു റോഡ് അപകടത്തിൽ മരിച്ചു. സന്തോഷ് അവിവാഹിതനായിരുന്നു. അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
2009ൽ കെമ്പ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ബാലരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ പിതാവ് തന്നെ നിർമിച്ച ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരുന്നു. സായ് ധൻസിക, പ്രദീപ് റാവത്ത്, അവിനാശ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 2017 ൽ പുറത്തിറങ്ങിയ കരിയ 2 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ദർശൻ തൂഗുദീപ നായകനായി അഭിനയിച്ച കരിയ (2003) യുടെ ഒരു സ്വതന്ത്ര തുടർച്ചയായിരുന്നു ഈ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

