Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗാന്ധിജിയുടെ മണ്ണിൽ പെല്ലറ്റ് ഗണ്ണുകൾക്കോ ലാത്തിച്ചാർജിനോ സ്ഥാനമില്ല'; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം അറിയിച്ച് കമൽ ഹാസൻ

text_fields
bookmark_border
ഗാന്ധിജിയുടെ മണ്ണിൽ പെല്ലറ്റ് ഗണ്ണുകൾക്കോ ലാത്തിച്ചാർജിനോ സ്ഥാനമില്ല; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം അറിയിച്ച് കമൽ ഹാസൻ
cancel

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചക്കെതിരെയും രാജ്യവ്യാപകമായി ഉയർന്ന ശക്തമായ വിദ്യാർഥി പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്‍റെ സ്ഥാനം രാജിവെച്ചു. ഈ തീരുമാനത്തെയും വിദ്യാർഥികളുടെ പോരാട്ട വീര്യത്തെയും അഭിനന്ദിച്ചുകൊണ്ട് കമൽ ഹാസൻ, പാ രഞ്ജിത്ത്, വരലക്ഷ്മി ശരത്കുമാർ, ചിന്മയി ശ്രീപാദ തുടങ്ങിയ പ്രമുഖ തമിഴ് സിനിമാ താരങ്ങളും സാംസ്കാരിക നായകരും രംഗത്തെത്തി.

കേന്ദ്ര സർക്കാരും വിദ്യാർഥി പ്രതിനിധികളും തമ്മിൽ ചർച്ച ആരംഭിച്ചപ്പോൾ തന്നെ കമൽ ഹാസൻ അതിനെ സ്വാഗതം ചെയ്തിരുന്നു. സംഘർഷങ്ങൾക്ക് പകരം ചർച്ചകൾ വഴിമാറുന്നത് ജനാധിപത്യത്തിന്റെ മികച്ച ലക്ഷണമാണെന്നും ഗാന്ധിജിയുടെ മണ്ണിൽ പെല്ലറ്റ് ഗണ്ണുകൾക്കോ ലാത്തിച്ചാർജുകൾക്കോ സ്ഥാനമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്ത്രിയുടെ രാജിവാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഭാരതീയ പതാകയുടെ ചിത്രത്തോടൊപ്പം 'വോക്സ് പോപ്പുലി' ( ജനങ്ങളുടെ ശബ്ദം) എന്ന് കുറിച്ചുകൊണ്ടാണ് കമൽ ഹാസൻ തന്റെ സന്തോഷം പങ്കുവെച്ചത്.

വിദ്യാർഥി സമരത്തിന് നേതൃത്വം നൽകിയ സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദിപ്കെ ഭരണഘടന കയ്യിലേന്തിനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രമുഖ സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചത്. ജനാധിപത്യം ഏതൊരു വെല്ലുവിളിയെയും അതിജീവിക്കുമ്പോൾ അത് ഡോ. ബി.ആർ. അംബേദ്കറുടെ ദീർഘവീക്ഷണത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. രാഷ്ട്രീയ അധികാരത്തേക്കാൾ വലുതാണ് ഭരണഘടനാ മൂല്യങ്ങളെന്ന് ഈ വിജയം തെളിയിക്കുന്നുവെന്നും അതോടൊപ്പം നീറ്റ് പരീക്ഷ പൂർണമായി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടി വരലക്ഷ്മി ശരത്കുമാർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ജെൻ സി വിദ്യാർഥികൾക്ക് ബിഗ് സല്യൂട്ട് നൽകി. തെരുവിലിറങ്ങി പോരാടിയ ഓരോരുത്തരും ചരിത്രം കുറിച്ചിരിക്കുകയാണെന്ന് പറഞ്ഞ താരം, 'ഇതാണ് യഥാർഥ ജനാധിപത്യം' എന്നും കൂട്ടിച്ചേർത്തു. അതേസമയം പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ പ്രവർത്തിച്ച യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ സമരം തുടരണമെന്നും നടി ലക്ഷ്മി മഞ്ചു അഭിപ്രായപ്പെട്ടു.

2017-ൽ നീറ്റ് പരീക്ഷാ മാനദണ്ഡങ്ങൾ കാരണം പ്ലസ് ടുവിന് 98% മാർക്കുണ്ടായിട്ടും മെഡിക്കൽ സീറ്റ് നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത തമിഴ്‌നാട്ടിലെ ഗ്രാമീണ പെൺകുട്ടി എസ്. അനിതയുടെ ചിത്രം പങ്കുവെച്ചാണ് ഗായിക ചിന്മയി ശ്രീപാദ പ്രതികരിച്ചത്. 'അനിതയെ നാം ഒരിക്കലും മറക്കരുത്' എന്ന് കുറിച്ച ചിന്മയി വിദ്യാർഥികളുടെ ജീവൻവെച്ച് പന്താടുന്ന രീതിക്കെതിരെ രോഷം പ്രകടിപ്പിച്ചു. നീറ്റ് തട്ടിപ്പുകൾക്കെതിരെ രാജ്യമെമ്പാടും പടർന്നുപിടിച്ച വിദ്യാർഥി മുന്നേറ്റത്തിന് സി.ജെ.പിയും സാമൂഹിക പ്രവർത്തകൻ സൊനം വാങ്ചുക്കും വലിയ പിന്തുണയാണ് നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kamal Haasan react to Dharmendra Pradhan's resignation
Next Story