കഴിഞ്ഞ 52 വർഷമായി ഞാൻ ഒരേ മനുഷ്യനെയാണ് കാണുന്നത്, ഇതിനേക്കാൾ കൂടുതൽ എനിക്ക് പ്രണയിക്കാനാകില്ല; അത് ആദ്യ കാഴ്ചയിലെ പ്രണയം ആയിരുന്നു -ജയ ബച്ചൻ
text_fieldsഅമിതാഭ് ബച്ചന്‍റെയും ജയയുടെയും പഴയകാല ചിത്രങ്ങൾ
ജയ ബച്ചൻ അഭിമുഖങ്ങൾ കൊടുക്കുന്നത് വളരെ വിരളമാണ്. എന്നാൽ സംസാരിക്കുമ്പോൾ തന്‍റെ ചിന്തകൾ മറയില്ലാതെ അവർ പങ്കുവെക്കാറുണ്ട്. അമിതാഭ് ബച്ചനുമായുള്ള തന്‍റെ വിവാഹത്തെക്കുറിച്ചും, പേരക്കുട്ടിയും ശ്വേത ബച്ചന്‍റെ മകളുമായ നവ്യ നവേലി നന്ദക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും ജയ സംസാരിച്ചു. മോജോ സ്റ്റോറിയുമായുള്ള സംഭാഷണത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാൻ ഇപ്പോൾ ഒരു മുത്തശ്ശിയാണ്, നവ്യക്ക് കുറച്ച് ദിവസങ്ങൾക്കുള്ളിൽ 28 വയസ്സ് തികയും. ഇന്നത്തെ കുട്ടികളെ എങ്ങനെ വളർത്തണമെന്ന് ഉപദേശിക്കാൻ എനിക്ക് പ്രായമായി. കാര്യങ്ങൾ ഒരുപാട് മാറി. ഇന്ന് ചെറിയ കുട്ടികൾ നമ്മളെക്കാൾ വളരെ സ്മാർട്ടാണ്. നവ്യ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിവാഹം കാലഹരണപ്പെട്ട ഒന്നാണ്. അത് ഡൽഹിയിലെ ലഡു പോലെയാണ്. കഴിച്ചാലും വിഷമം, കഴിച്ചില്ലെങ്കിലും വിഷമം. ജീവിതം ആസ്വദിക്കൂ. പഴയ കാലത്ത് ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിട്ടിട്ട് പോലുമില്ല. പിന്നീട് ഞങ്ങൾ അറിയുന്നത് രജിസ്റ്ററിൽ ഒപ്പിടണമെന്ന്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിട്ടത്. അതിനർത്ഥം ഞങ്ങൾ നിയമവിരുദ്ധമായി ജീവിക്കുകയായിരുന്നു എന്നാണ്.
അമിതാഭ് ബച്ചനും വിവാഹത്തെക്കുറിച്ച് സമാനമായ കാഴ്ചപ്പാടുകളാണോ പങ്കുവെക്കുന്നത് എന്ന ചോദ്യത്തിന് ജയയുടെ മറുപടി ഇതായിരുന്നു. ‘ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. ‘അദ്ദേഹം ഒരുപക്ഷേ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്' എന്ന് പറഞ്ഞേക്കാം. പക്ഷെ എനിക്കത് കേൾക്കേണ്ട’. ബച്ചൻ സാറുമായി പ്രണയത്തിലായ ആ നിമിഷം ഓർമയുണ്ടോ എന്ന ചോദ്യത്തിന് ജയ തമാശയായി പ്രതികരിച്ചു. ‘പഴയ മുറിവുകൾ കുത്തിനോവിക്കേണ്ടതുണ്ടോ? കഴിഞ്ഞ 52 വർഷമായി ഞാൻ ഒരേ മനുഷ്യനെയാണ് കാണുന്നത്. ഇതിനേക്കാൾ കൂടുതൽ എനിക്ക് പ്രണയിക്കാനാകില്ല. അത് ആദ്യ കാഴ്ചയിലെ പ്രണയം ആയിരുന്നു’- ജയ പറഞ്ഞു.
സഞ്ജീർ, ഷോലെ, ചുപ്കെ ചുപ്കെ, മിലി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ജയ ബച്ചനും അമിതാഭ് ബച്ചനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ്ഡിയുടെ സെറ്റിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ആദ്യമായി അമിതാഭിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ജയ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. 'ഗുഡ്ഡിയുടെ സെറ്റിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. ഹരിവംശ്രായി ബച്ചന്റെ മകനായതിനാൽ എനിക്ക് അദ്ദേഹത്തിൽ മതിപ്പു തോന്നി. അൽപ്പം അത്ഭുതവും തോന്നി. വളരെ പെട്ടെന്ന് തന്നെ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായി. ഏക് നസറിന്റെ (1972) സെറ്റിൽ വെച്ച് പ്രണയം. തുടർന്ന് 1973 ൽ വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

