‘ഞാൻ വളരെ കർശനക്കാരിയായ ഒരമ്മയാണ്; അദ്ദേഹം അഭിപ്രായങ്ങൾ സ്വയം ഒതുക്കിവെക്കും, എനിക്കത് അറിയില്ല’- അമിതാഭ് ബച്ചനെ കുറിച്ച് ജയ
text_fieldsസോഷ്യൽമീഡിയയിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന താരമാണ് ജയ ബച്ചൻ. പാപ്പരാസികളോട് എപ്പോഴും രൂക്ഷമായി പെരുമാറുന്ന ജയ ബച്ചന്‍റെ സമീപനം പലപ്പോഴും വലിയ വിമർശനങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി എം.പിയുമായ ജയ ബച്ചൻ പൊതുസ്ഥലങ്ങളിൽ പലപ്പോഴും കടുത്ത ഭാഷയിൽ പ്രതികരണങ്ങൾ നടത്താറുണ്ട്. ജയ ബച്ചന് ക്ലസ്‌ട്രോഫോബിയ ഉണ്ടെന്ന് മക്കളായ ശ്വേതയും അഭിഷേക് ബച്ചനും ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആളുകൾ തന്നോട് ചോദിക്കാതെ തന്റെ ചിത്രങ്ങൾ എടുക്കുന്നതും ജയ ബച്ചന് ഇഷ്ടമല്ലെന്നും അവർ പറയുന്നു. എന്നാൽ ഇപ്പോഴും ജയ ബച്ചൻ സോഷ്യലിടത്തിലെ സംസാരവിഷയമാണ്. ഇപ്പോഴിതാ അമിതാഭ് ബച്ചനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഞങ്ങൾ ഇരുവരും വളരെ വ്യത്യസ്തരാണ്. മുംബൈയിൽ നടന്ന 'വി ദ വിമൻ പാനൽ ചർച്ചയിലാണ് ജയ ഇക്കാര്യം വ്യക്തമാക്കിയത്.
“അദ്ദേഹത്തിന്‍റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന്റെ അച്ചടക്കമാണ്. ഞാൻ അച്ചടക്കത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധാലുവാണ്. ഞാൻ വളരെ കർശനക്കാരിയായ ഒരമ്മയാണ്.” അദ്ദേഹം സംസാരിക്കില്ല. എന്നെപ്പോലെ അദ്ദേഹം അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ അത്ര സ്വാതന്ത്ര്യം എടുക്കില്ല. അദ്ദേഹം അത് സ്വയം ഒതുക്കിവെക്കും. എന്നാൽ തനിക്ക് പറയാനുള്ളത് ശരിയായ സമയത്ത്, ശരിയായ രീതിയിൽ എങ്ങനെ അറിയിക്കണമെന്ന് അദ്ദേഹത്തിനറിയാം. എനിക്കത് അറിയില്ല. അതാണ് വ്യത്യാസം. അദ്ദേഹം വ്യത്യസ്ത വ്യക്തിത്വമാണ്. ഒരുപക്ഷേ അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത്. എന്നെപ്പോലെ ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചതെങ്കിൽ ഒന്ന് ആലോചിച്ചുനോക്കൂ? അദ്ദേഹം വൃന്ദാവനത്തിൽ പോയേനേ, ഞാൻ മറ്റെവിടെയെങ്കിലും”-ജയ പറഞ്ഞു.
സഞ്ജീർ, ഷോലെ, ചുപ്കെ ചുപ്കെ, മിലി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ജയ ബച്ചനും അമിതാഭ് ബച്ചനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ്ഡിയുടെ സെറ്റിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ആദ്യമായി അമിതാഭിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ജയ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. 'ഗുഡ്ഡിയുടെ സെറ്റിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. ഹരിവംശ്രായി ബച്ചന്റെ മകനായതിനാൽ എനിക്ക് അദ്ദേഹത്തിൽ മതിപ്പു തോന്നി. അൽപ്പം അത്ഭുതവും തോന്നി. വളരെ പെട്ടെന്ന് തന്നെ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായി. ഏക് നസറിന്റെ (1972) സെറ്റിൽ വെച്ച് പ്രണയം. തുടർന്ന് 1973 ൽ വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

