ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിക്ക് അഞ്ച് വർഷം തടവ്; സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവ്
text_fieldsജാഫർ പനാഹി
തെഹ്‌റാൻ: കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരം നേടിയ പ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിക്ക് ഇറാൻ കോടതി അഞ്ച് വർഷവും ഒരു മാസവും തടവ് ശിക്ഷ വിധിച്ചു. 66 കാരനായ പനാഹിയുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പനാഹിയുടെ അഭാവത്തിൽ വിചാരണ നടത്തിയാണ് ശിക്ഷ വിധിച്ചതെന്ന് പനാഹിയുടെ അഭിഭാഷകൻ മുസ്തഫ നിലി ഇറാനിയൻ മാധ്യമമായ എംതെദാദിനോട് പറഞ്ഞു.
തടവ് ശിക്ഷക്ക് പുറമെ രണ്ട് വർഷത്തെ യാത്രാ വിലക്കും രണ്ട് വർഷത്തേക്ക് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്കും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കാൻ ചലച്ചിത്രമേളയിൽ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' എന്ന ചിത്രത്തിനാണ് പനാഹിക്ക് പരമോന്നത ബഹുമതിയായ പാം ഡി ഓർ ലഭിച്ചത്. ഈ ചിത്രത്തിന്റെ പ്രചാരണത്തിനായി വിദേശയാത്ര നടത്തി മാർച്ചിൽ ഇറാനിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് പുതിയ ശിക്ഷ.
പനാഹിക്കെതിരായ കുറ്റങ്ങൾ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. 'ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തി' എന്നാരോപിച്ച് കഴിഞ്ഞ വർഷവും അഭാവത്തിൽ ഒരു വർഷത്തെ തടവിന് അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. അഭിഭാഷകൻ പറയുന്നതനുസരിച്ച്, പനാഹിക്കെതിരെ നിലവിൽ മൂന്ന് കേസുകളാണുള്ളത്. ഏറ്റവും പുതിയ കേസിന്റെ വാദം കേൾക്കുന്ന തീയതി പോലും അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെയാണ് കേസിനെ കുറിച്ച് അറിഞ്ഞതെന്ന് അഭിഭാഷകൻ പറഞ്ഞു. യൂറോപ്പിലുള്ള ഒരു മനുഷ്യാവകാശ പ്രവർത്തകനും പനാഹിയുടെ സുഹൃത്തുമായ വ്യക്തി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞത്, ശിക്ഷ വിധിച്ചതിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം താൻ പനാഹിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തെ ഇതുവരെ തടങ്കലിൽ വെച്ചിട്ടില്ലെന്നുമാണ്.
സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ്, കുറ്റകൃത്യവുമായി സ്വത്തിന് ബന്ധമുണ്ടെന്ന് അധികൃതർ തെളിയിക്കാത്ത പക്ഷം ഇറാൻ ഭരണഘടനയുടെ ലംഘനമാകുമെന്നാണ് ഇറാനിയൻ ആക്ടിവിസ്റ്റുകൾക്ക് നിയമോപദേശം നൽകുന്ന ദാദ്ബാൻ എന്ന കേന്ദ്രത്തിലെ മനുഷ്യാവകാശ അഭിഭാഷകൻ മോയിൻ ഖസായേലി പറഞ്ഞത്. ഈ വർഷം ആദ്യം അമേരിക്കയിൽ വെച്ച് ഗാർഡിയനോട് സംസാരിക്കവെ, ഇറാനിൽ നിലവിലെ അക്രമത്തിന്റെ ചക്രം തുടരാമെന്ന് പനാഹി മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സിനിമയിലൂടെ ഞാൻ പറയാൻ ശ്രമിച്ചത്, അക്രമത്തിന്റെ ഈ തുടർച്ച ഒരിക്കൽ തുടങ്ങിയാൽ പിന്നീട് അത് നിർത്താൻ വളരെ പ്രയാസമാണ് എന്നാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഭരണകൂടം കാണിക്കുന്ന ക്രൂരത കണ്ടാൽ ഈ അക്രമത്തിന്റെ ചക്രം ഇനിയും തുടരുമോ എന്നാണ് എനിക്ക് ഭയം എന്നായിരുന്നു പനാഹിയുടെ വാക്കുകൾ. വിധിക്കെതിരെ ലോകമെമ്പാടുമുള്ള കലാകാരന്മാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഒരു സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ ഭയങ്ങളിലൊന്ന് ആളുകൾ പറയുന്ന കഥകളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതാണ്. ആ കഥകൾ അതിർത്തികൾ കടന്ന് ലോകത്തെത്തുമ്പോൾ അവയെ നിശബ്ദമാക്കുക അസാധ്യമാകും. ജാഫർ പനാഹിയും തന്റെ കഥകൾ പറഞ്ഞിട്ടുണ്ട്. കഥ പറയുന്ന പ്രവൃത്തിയെ പോലും ഇസ്ലാമിക് റിപ്പബ്ലിക് എത്രമാത്രം ഭയപ്പെടുന്നുവെന്ന് അദ്ദേഹത്തിനുള്ള ശിക്ഷ ഒരിക്കൽ കൂടി തെളിയിക്കുന്നു. ഓസ്കർ നാമനിർദേശം ലഭിച്ച 'ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്' എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ പ്രവാസത്തിലേക്ക് പോകാൻ നിർബന്ധിതയായ ഇറാനിയൻ നടി സെതറെ മാലെകി പറഞ്ഞു.
ജനുവരിയിലെ പ്രതിഷേധങ്ങളിൽ ഐക്യത്തിനായി പനാഹി ആഹ്വാനം ചെയ്തതും ഇറാന്റെ മുൻ ഷായുടെ മകനായ റസാ പഹ്‌ലവിയുടെ അനുയായികൾ ഉൾപ്പെടെ ഇറാനിലെ വൈവിധ്യമാർന്ന ശബ്ദങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകിയതുമാണ് പുതിയ ശിക്ഷക്ക് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

