‘അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല, എത്രയും വേഗം നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’; ദുബൈയിൽ കുടുങ്ങി ഇന്ത്യൻ താരങ്ങൾ
text_fieldsമിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെ ദുബൈയിൽ കുടുങ്ങിയ ബോളിവുഡ് നടി ഇഷ ഗുപ്ത താൻ സുരക്ഷിതയാണെന്ന് ആരാധകരെ അറിയിച്ചു. എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.
‘എന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നവരോടും സന്ദേശങ്ങൾ അയക്കുന്നവരോടും മറുപടി നൽകാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ സുരക്ഷിതരാണ്. പേടിപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ദൈവം നമ്മെ സംരക്ഷിക്കട്ടെ. യു.എ.ഇ അധികൃതർ സുരക്ഷക്കായി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദുരിതമനുഭവിക്കുന്നവർക്കും അവിടെ കുടുങ്ങിക്കിടക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. എത്രയും വേഗം നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ ഇഷ ഗുപ്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ശനിയാഴ്ച നടി സോണൽ ചൗഹാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു.‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, നിലവിലെ പ്രതിസന്ധി കാരണം ഞാൻ ദുബൈയിൽ കുടുങ്ങിയിരിക്കുകയാണ്. വിമാനങ്ങൾ റദ്ദാക്കിയതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ മറ്റ് വഴികളില്ല. സുരക്ഷിതമായി നാട്ടിലെത്താൻ സർക്കാരിന്റെ മാർഗനിർദേശവും പിന്തുണയും തേടുന്നു’ സോണൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ദുബൈയിൽ കുടുങ്ങിയിരിക്കുകയാണ്. ബർമിങ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സിന്ധു ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയത്. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളം അടച്ചതിനാൽ അവർക്ക് യാത്ര തുടരാൻ സാധിച്ചിട്ടില്ല. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക പങ്കുവെച്ച് നടി നർഗീസ് ഫക്രിയും എത്തിയിട്ടുണ്ട്. ദുബൈയിലുള്ള താരം ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ മാനസികാവസ്ഥ വ്യക്തമാക്കിയത്. ‘എന്തൊക്കെയായാലും, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാത്തതിനാൽ വലിയ പേടിയും ആശങ്കയും തോന്നുന്നു. ഉറങ്ങാൻ പോലും കഴിയുന്നില്ല, മസ്തിഷ്കം അതീവ ജാഗ്രതയിലാണ്. നേരം ഒരുപാട് വൈകിയിട്ടും എനിക്ക് ഉറക്കം വരുന്നില്ല’ നർഗീസ് കുറിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചിരിക്കുകയാണ്. എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇന്ത്യൻ എംബസി ദുബൈയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

