രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകും, അദ്ദേഹത്തിന്‍റെ കഴിവുകളിൽ വിശ്വാസമുണ്ട് -ആസിഫ് അലി
text_fieldsരമേഷ് പിഷാരടി, ആസിഫ് അലി
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന രമേഷ് പിഷാരടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമ താരം ആസിഫ് അലി. രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകുമെന്നും പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് സ്ഥാനാർത്ഥിയാകാൻ താത്പര്യമില്ലെന്നും സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും നടൻ പറഞ്ഞു. പെരുന്നാൾ ആഘോഷത്തിലാണിപ്പോൾ താരം. ജാതി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കണമെന്നും നടൻ കൂട്ടിച്ചേർത്തു.
'ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. 30 ദിവസത്തെ നോമ്പ് കഴിഞ്ഞ് വീട്ടുകാർ എല്ലാവരും ഒരുമിച്ചെത്തിയിട്ടുണ്ട്. സ്വദേശമായ തൊടുപുഴയിലാണ് എല്ലാ പെരുന്നാളിനും പോകാറുള്ളത്. പക്ഷേ ഇപ്രാവശ്യം ഒരു വ്യത്യസ്തതക്ക് എറണാകുളത്തുതന്നെയാക്കി. ജാതി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി എല്ലാ ആഘോഷങ്ങളും, പെരുന്നാളോ ഓണമോ ക്രിസ്മസോ എന്തുതന്നെയായാലും എല്ലാം ഒരുമിച്ച് ആഘോഷിക്കണം. ആ ശീലം എന്നും തുടരട്ടെ, ആ ശീലം എപ്പോഴും എല്ലാവരുടേയും മനസിലുണ്ടാവട്ടെ' ആസിഫ് അലി പറഞ്ഞു.
'തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്നാവശ്യപ്പെട്ട് രമേഷ് പിഷാരടി വിളിച്ചിട്ടില്ല. അങ്ങനെ ഒരു വിളി വന്നാൽ ഞാൻ ഉറപ്പായിട്ടും പോകും. കാരണം അദ്ദേഹത്തെ വളരെ നന്നായി അടുത്തറിയുന്നയാളാണ് ഞാൻ. എല്ലാവരും അവരവരുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് നോക്കണം. കൃത്യമായി വോട്ട് ചെയ്യണം. വോട്ട് ചെയ്യാതെ ഒരു രാഷ്ട്രീയ പാർട്ടിയെയോ, രാഷ്ട്രീയ നേതാവിനെയോ കുറ്റം പറയാൻ അവകാശമില്ല. സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിനുശേഷം മാത്രമേ അതിനുള്ള സ്വാതന്ത്ര്യമുള്ളൂ. സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് പലരും സമീപിച്ചു എന്നത് എപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്ന പ്രചരണമാണ്. ആരും തന്നെ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. അങ്ങനെ വന്നാലും സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ല' ആസിഫ് അലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

