'വീണ്ടും ഡബ്ബിങ് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, ഞാൻ ഒരുപാട് കരഞ്ഞു'; തൃഷക്ക് വേണ്ടി ശബ്ദം നൽകിയതിനെക്കുറിച്ച് ചിന്മയി ശ്രീപദ
text_fieldsചിന്മയി ശ്രീപദ
തമിഴ് ചലച്ചിത്ര ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച 'ലിയോ' എന്ന ചിത്രത്തിന് ശേഷം, ആർ.ജെ. ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന പുതിയ സിനിമയിലും നടി തൃഷ കൃഷ്ണന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രശസ്ത ഗായിക ചിന്മയി ശ്രീപദയാണ്. സാമ്പത്തിക പ്രതിസന്ധികൾ കാരണം റിലീസ് വൈകി കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ തൃഷ അവതരിപ്പിച്ച 'പ്രീതി' എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ ചിന്മയിയുടെ പ്രകടനത്തെയും ആരാധകർ ഏറെ പ്രശംസിക്കുന്നുണ്ട്. എന്നാൽ ഈ സിനിമക്ക് വേണ്ടി താൻ ഡബ്ബ് ചെയ്ത വിവരം പുറത്തുപറയാൻ തനിക്ക് വലിയ ഭയമായിരുന്നുവെന്ന് ചിന്മയി ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ചിന്മയി തന്റെ ആശങ്കകൾ ആരാധകരുമായി പങ്കുവെച്ചത്. "വളരെ വിചിത്രമായ ഒരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സിനിമയിൽ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തതെന്ന കാര്യം പരസ്യമായി പറയാൻ എനിക്ക് വലിയ പേടിയായിരുന്നു," ചിന്മയി കുറിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ ആർ.ജെ. ബാലാജിയുമായും അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ നാഗരാജനുമായും തനിക്ക് വർഷങ്ങളായുള്ള വ്യക്തിപരമായ സൗഹൃദമുണ്ട്. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും സ്വന്തം സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ വ്യക്തിയാണ് ബാലാജി. അതുകൊണ്ടുതന്നെ, താൻ കാരണം അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകരുതെന്ന് താൻ ആഗ്രഹിച്ചിരുന്നതായി ചിന്മയി വ്യക്തമാക്കി. മുൻപ് 'ലിയോ' സിനിമയിൽ തൃഷക്ക് വേണ്ടി ശബ്ദം നൽകിയപ്പോൾ ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് വലിയ രീതിയിലുള്ള എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. അത്തരമൊരു സാഹചര്യം ബാലാജിക്കും ഉണ്ടാകുമോ എന്നതായിരുന്നു ചിന്മയിയുടെ പ്രധാന ഭയം.
ഡബ്ബിങ് വേളയിൽ തനിക്കുണ്ടായ വൈകാരികമായ അനുഭവങ്ങളെക്കുറിച്ചും ചിന്മയി വെളിപ്പെടുത്തി. ചിത്രത്തിലെ ചില രംഗങ്ങൾ തന്റെ ഭൂതകാലത്തിലെ ചില ദുരനുഭവങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. സിനിമയിലെ ചില വൈകാരിക നിമിഷങ്ങളിൽ ഡബ്ബ് ചെയ്യുമ്പോൾ തനിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും താൻ ഒരുപാട് കരയുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. തന്റെ കരിയറിലെ ഈ പ്രതിസന്ധി ഘട്ടത്തിലും തൃഷക്ക് വേണ്ടി ശബ്ദം നൽകാൻ തന്നെ നിയോഗിച്ചതിൽ ധൈര്യം കാണിച്ച ആർ.ജെ. ബാലാജിക്ക് ചിന്മയി നന്ദി രേഖപ്പെടുത്തി. ഇനിയെങ്കിലും സ്വന്തം നാട്ടിൽ ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, തന്നെപ്പോലെ വിലക്ക് നേരിടുന്ന മറ്റ് കലാകാരന്മാർക്കും ജോലി ചെയ്യാനുള്ള അനുവാദം തിരികെ ലഭിക്കട്ടെയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
2018-ൽ ഇന്ത്യയിലാകെ ആഞ്ഞടിച്ച 'മീടൂ' പ്രസ്ഥാനത്തിന്റെ ഭാഗമായി, തമിഴ് ഡബ്ബിങ് യൂണിയൻ പ്രസിഡന്റായ രാധാരവിക്കെതിരെ ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ് ഡബ്ബിങ് യൂണിയനിൽ നിന്നും ചിന്മയിയെ അന്യായമായി പുറത്താക്കുകയാണ് ചെയ്തത്. വർഷങ്ങളോളം നീണ്ട ഈ വിലക്ക് മറികടന്നാണ് 2023-ൽ പുറത്തിറങ്ങിയ വിജയ് ചിത്രം 'ലീയോ'ക്ക് വേണ്ടി തൃഷക്ക് ശബ്ദം നൽകാൻ സംവിധായകൻ ലോകേഷ് കനകരാജും നിർമാതാവ് ലളിത് കുമാറും ചിന്മയിയെ സമീപിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളിൽ ചിന്മയി തന്നെയാണ് തൃഷക്ക് ശബ്ദം നൽകിയത്.
എന്നാൽ ഈ നീക്കം സൗത്ത് ഇന്ത്യൻ സിനി, ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയനെ (SICTADAU) ചൊടിപ്പിച്ചു. യൂണിയൻ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് അവർ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ രംഗത്തുവരികയും, ലോകേഷ് കനകരാജ് 50,000 രൂപ യൂണിയന് പിഴയായി ഒടുക്കേണ്ടി വന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ കയ്പ്പേറിയ അനുഭവങ്ങളാണ് 'കറുപ്പ്' എന്ന സിനിമയുടെ കാര്യത്തിലും ചിന്മയിയെ ഭയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

