പ്രേക്ഷകർ എവിടെ നിന്നാണ് സിനിമ കാണുന്നതെന്നത് പ്രധാനപ്പെട്ട കാര്യമല്ല, എന്റെ സിനിമ കാണുന്നുണ്ടോ എന്നാണ് ഞാന്‍ ശ്രദ്ധിക്കാറുളളത് -ആമിർ ഖാൻ
text_fieldsബോളിവുഡിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മാറ്റങ്ങൾക്ക് തുടക്കമിട്ട നായകനാണ് ആമിർ ഖാൻ. താരങ്ങൾ ഡസൻ കണക്കിന് സിനിമകൾ ചെയ്തിരുന്ന കാലത്ത് വർഷത്തിൽ ഒരു സിനിമ എന്ന തീരുമാനം എടുത്തത് അദ്ദേഹമായിരുന്നു. ആ ഒരു സിനിമ ഏറ്റവും മികച്ചതാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അതിൽ വിജയിക്കുകയും ചെയ്തു. സിനിമ പ്രേക്ഷകർ കാണുന്നുണ്ടോ എന്നതാണ് പ്രധാനം. ഏത് പ്ലാറ്റ്‌ഫോമിൽ നിന്ന് കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കാണെന്ന് ആമിർ ഖാൻ പറഞ്ഞു. തന്റെ ചിത്രം 'സിത്താരെ സമീൻ പർ' തിയറ്റർ റിലീസിന് ശേഷം പേ പെർ വ്യൂ മോഡലിൽ യൂട്യൂബിൽ നൽകിയത് നിർമാതാക്കൾക്കും വ്യവസായത്തിനും ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘തിയറ്റര്‍ റിലീസിന് ശേഷം നേരിട്ട് ഒ.ടി.ടിയിലേക്ക് പോകുന്നതിന് പകരം സിനിമകള്‍ക്ക് മറ്റൊരു വിന്‍ഡോ വേണം. കുറഞ്ഞത് ഒരു മാസം തൊട്ട് ഒരു നിശ്ചിത സമയത്തേക്ക് ഇത്തരത്തില്‍ ഒരു പേ പെര്‍ വ്യൂ രീതിയില്‍ സിനിമകള്‍ നല്‍കുന്നത് നിര്‍മാതാക്കള്‍ക്ക് സഹായകരമാണ്. തിയറ്റര്‍ റിലീസിന് ശേഷം പേ പെര്‍ വ്യൂ വിലേക്കും പിന്നെ ഒ.ടി.ടിയിലേക്കും എന്ന രീതിയില്‍ ചിത്രം റിലീസ് ചെയ്താല്‍ വലിയ രീതിയില്‍ ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്‌തേക്കാം. അതുകൊണ്ട് തന്നെ മൊത്തം ഇന്‍ഡസ്ട്രിയുടെ കൂട്ടായ ഒരു പ്രവര്‍ത്തിയെന്ന നിലയിലാണ് യൂട്യൂബിന് നല്‍കിയതിനെ നോക്കികാണുന്നത്’ ആമിർ ഖാൻ പറഞ്ഞു.
പ്രേക്ഷകരിലേക്കെത്തിക്കണം, അവരത് ആസ്വദിക്കണം എന്ന ചിന്തയോടെയാണ് ഞാന്‍ ഓരോ സിനിമയും ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ എവിടെ നിന്നാണ് അവര്‍ സിനിമ കാണുന്നതെന്നത് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ല. എന്റെ സിനിമ കാണുന്നുണ്ടോ എന്നാണ് ഞാന്‍ ശ്രദ്ധിക്കാറുളളത്. ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ പ്രേക്ഷകര്‍ എവിടെ നിന്നും സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് തന്നെ നല്‍കണം. പ്രേക്ഷകർക്ക് സിനിമ കാണാനുള്ള പുതിയൊരു അവസരവും നിർമാതാക്കൾക്ക് വരുമാനത്തിനുള്ള മറ്റൊരു വഴിയും തുറക്കേണ്ട സമയമാണിത്’-ആമിര്‍ പറഞ്ഞു.
ഇന്ത്യയിലെ ഓരോ പ്രേക്ഷകന്റെയും 100 രൂപയാണ് എനിക്ക് വേണ്ടത് അല്ലാതെ ഒരു വലിയ കമ്പനി നൽകുന്ന 125 കോടി അല്ല. എനിക്ക് വർക്കിലും എന്റെ പ്രേക്ഷകരിലും വിശ്വാസമുണ്ട്. എന്റെ സിനിമകൾ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് തിയറ്ററിലും തുടർന്ന് യൂട്യൂബിൽ പേ പെർ വ്യൂവിൽ വരുമ്പോഴും കാണും. എനിക്ക് മാത്രം ഗുണമുണ്ടാകുന്നത് കൊണ്ട് ഒരിക്കലും ഒരു ഇൻഡസ്ട്രി മുഴുവനായും രക്ഷപ്പെടില്ല. അതുകൊണ്ടാണ് ഒ.ടി.ടിയുടെ ഓഫറിന് ഞാൻ നോ പറഞ്ഞതെന്നും ആമിർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

