ഒ.ടി.ടിയുടെ പണം നിരസിച്ചപ്പോൾ നിർമാണപങ്കാളി പിൻവാങ്ങി; സിത്താരെ സമീൻ പറിന്‍റെ ബജറ്റ് വെളിപ്പെടുത്തി ആമിർ
text_fieldsസിത്താരെ സമീൻ പർ എന്ന സിനിമക്കൊപ്പമുള്ള ആമിർ ഖാന്‍റെ യാത്ര അദ്ദേഹത്തിന്‍റെ സിനിമ പോലെ തന്നെ ആകർഷകമാണ്. ചിത്രം ഒ.ടി.ടിക്ക് നൽകില്ലെന്നും നേരിട്ട് യുട്യൂബ്ലിൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമക്കായി തനിക്ക് 122 കോടി രൂപ ചെലവായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ആമിർ ഖാൻ. മാത്യൂ ബെല്ലോനിയുമായുള്ള പോഡ്‌കാസ്റ്റ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്‍റെ ഈ മോശം ആശയത്തിൽ നിർമാണ പങ്കാളിക്ക് വലിയ താൽപ്പര്യമില്ലായിരുന്നു. ഞാൻ ഒ.ടി.ടിയുടെ പണം നിരസിക്കുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ല. അതിനാൽ സിനിമക്ക് യഥാർഥത്തിൽ എനിക്ക് 122 കോടി രൂപ ചിലവായിട്ടുണ്ട്'. ബജറ്റ് 96 കോടിയായിരുന്നുവെങ്കിലും പേ-പെർ-വ്യൂ മോഡലിൽ സിനിമ ലഭ്യമാക്കാനുള്ള തുക സ്വന്തം പോക്കറ്റിൽ നിന്നാണെന്ന് ആമിർ വ്യക്തമാക്കി.
ആമിർ ഖാൻ പ്രധാന വേഷത്തിൽ എത്തിയ ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമയാണ് സിത്താരെ സമീൻ പർ. ഒരു ബാസ്‌ക്കറ്റ്‌ബോൾ പരിശീലകന്‍റെ കഥയെ കേന്ദ്രീകരിച്ച് 2018ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്‍റെ റീമേക്കാണ് ഈ ചിത്രം.
താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് അവതരിപ്പിച്ചത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.
ആമിറിനൊപ്പം ജെനീലിയയാണ് പ്രധാനവേഷത്തിൽ. ജൂൺ 20ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രവും, 2025ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രവുമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

