‘ബോളിവുഡ് ബൈസെപ്സിനോടുള്ള പ്രേമം അവസാനിക്കുന്നില്ല, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം’; വൈറലായി ഋതിക് റോഷന്റെ സെൽഫ് ട്രോൾ
text_fieldsതന്റെ ആരാധകരെ അമ്പരപ്പിക്കുന്ന കാര്യത്തിൽ ഋതിക് റോഷൻ എന്നും മുമ്പന്തിയിലാണ്. അടുത്തിടെ സോഷ്യൽ മീഡിയയിലെ '2016 ഫോട്ടോ ഷെയറിങ്' ട്രെൻഡിന്റെ ഭാഗമായ ഋതിക് അല്പം തമാശയും അതിലേറെ സത്യസന്ധതയും നിറഞ്ഞ ഒരു പോസ്റ്റാണ് പങ്കുവെച്ചത്. ബോളിവുഡിന്റെ 'ഗ്രീക്ക് ഗോഡ്' എന്ന് വിളിക്കപ്പെടുന്ന താര, കഴിഞ്ഞ പത്ത് വർഷത്തെ തന്റെ ഫിറ്റ്‌നസ് യാത്ര വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. ഫിറ്റ്‌നസിനോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെ എടുത്തുകാണിച്ചുകൊണ്ടാണ് ഋതിക് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. എത്രയൊക്കെ മാറിയാലും ബോളിവുഡ് ബൈസെപ്‌സ് ഉണ്ടാക്കിയെടുക്കാനുള്ള ആഗ്രഹം തന്റെ ഉള്ളിൽ ഉറച്ചുപോയ ഒന്നാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.
‘2016, 1984, 2019, 2022, പിന്നെ ഇന്നലെയും. ഞാൻ എത്ര പുസ്തകങ്ങൾ വായിച്ചാലും, ജീവിതത്തെക്കുറിച്ചുള്ള എന്റെ ബോധ്യങ്ങൾ എത്രത്തോളം പക്വവും ആഴമേറിയതുമായി മാറിയാലും, ഈ ബോളിവുഡ് ബൈസെപ്‌സിനോടുള്ള എന്റെ ഉള്ളിൽ ഉറച്ചുപോയ ഈ ഭ്രമം അവസാനിക്കുന്ന ലക്ഷണമില്ല. എന്നെങ്കിലും എനിക്ക് ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കുക’ ഋതിക് തന്റെ പോസ്റ്റിൽ കുറിച്ചു.
ഋതിക്കിന്റെ ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ‘ഇതിലൊരു ചിത്രം ഇന്നലത്തെതാണെന്ന് നിങ്ങൾ ശരിക്കും പറയുകയാണോ? കണ്ടാൽ ഇപ്പോഴും മുപ്പതുകളിൽ ആണെന്നേ പറയൂ, എന്ന് ഒരാൾ കുറിച്ചപ്പോൾ, നിങ്ങൾക്ക് ശരിക്കും 52 വയസ്സായോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്. മാനസികമായി നമ്മൾ എത്ര വളർന്നാലും ശരീരത്തിന് കൃത്യമായ അച്ചടക്കം ആവശ്യമാണെന്ന് ഋതിക്കിന്റെ യാത്ര തെളിയിക്കുന്നുവെന്നും ആരാധകർ അഭിപ്രായപ്പെട്ടു.
സിനിമയിലെ തിരക്കുകൾക്കിടയിലും തന്റെ ശാരീരികക്ഷമത നിലനിർത്തുന്നതിൽ ഋതിക് കാണിക്കുന്ന ഈ ആത്മാർത്ഥത ആരാധകർക്ക് എന്നും ഒരു ആവേശമാണ്. നിലവിൽ തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായ 'കൃഷ് 4'ന്റെ തയാറെടുപ്പുകളിലാണ് താരം. പിതാവ് രാകേഷ് റോഷനിൽ നിന്ന് സംവിധായകന്റെ കുപ്പായം ഏറ്റെടുക്കുന്ന ഋതിക്, ഒരു നടൻ എന്നതിലുപരി മികച്ചൊരു ചലച്ചിത്രകാരൻ കൂടിയാണെന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. 2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ മറ്റൊരു വിസ്മയമാകുമെന്നാണ് സിനിമാലോകം വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

