‘പത്മവിഭൂഷൺ ബഹുമതിയിൽ അഭിമാനം, അദ്ദേഹം ഇത് നേരത്തെ അർഹിച്ചിരുന്നു’; ധർമേന്ദ്രക്ക് പുരസ്കാരം ലഭിച്ചതിൽ നന്ദി അറിയിച്ച് ഹേമമാലിനി
text_fieldsബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചതിൽ കേന്ദ്ര സർക്കാരിനോട് നന്ദി അറിയിച്ച് നടി ഹേമമാലിനി. എക്സിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. ‘സിനിമാ വ്യവസായത്തിന് ധരം ജി നൽകിയ വലിയ സംഭാവനകളെ മാനിച്ച്, അദ്ദേഹത്തിന് വിശിഷ്ടമായ പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു’ എന്നാണ് ഹേമമാലിനി എക്സിൽ കുറിച്ചത്.
അദ്ദേഹം ഇത് നേരത്തെ അർഹിച്ചിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഹേമമാലിനി പറഞ്ഞു. ‘രാവിലെയാണ് അവാർഡ് കിട്ടിയ വിവരം അറിഞ്ഞത്. ഒരു നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും അദ്ദേഹം അസാമാന്യ വ്യക്തിത്വമായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ അദ്ദേഹം എന്നും മുമ്പന്തിയിലുണ്ടായിരുന്നു. ഈ അംഗീകാരം അദ്ദേഹം അർഹിക്കുന്നുണ്ട്. സത്യത്തിൽ ഇത് കുറച്ചുകൂടി നേരത്തെ ലഭിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോഴെങ്കിലും ഇത് നൽകിയത് വലിയൊരു ബഹുമതിയായി കാണുന്നു’ എന്നാണ് ഹേമമാലിനി പറഞ്ഞത്.
കഴിഞ്ഞ വർഷം നവംബറിലാണ് ധർമേന്ദ്ര അന്തരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 1960കളിൽ സിനിമാരംഗത്തെത്തിയ അദ്ദേഹം ദശകങ്ങളോളം ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു.
‘ഞങ്ങൾ എപ്പോഴും തിരക്കിലായിരുന്നെങ്കിലും പരസ്പരം സമയം കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഞാൻ യാത്രയിലായിരിക്കുമ്പോൾ അദ്ദേഹം എന്നെ എപ്പോഴും വിളിക്കുമായിരുന്നു. ഞാൻ വീട്ടിലെത്തുമ്പോൾ ലോണാവാലയിലെ ഫാമിൽ നിന്നും അദ്ദേഹം ഓടിയെത്തുമായിരുന്നു. അദ്ദേഹമില്ലാത്ത ഓരോ നിമിഷവും താൻ മിസ്സ് ചെയ്യുന്നുണ്ട്. ഇനി അദ്ദേഹത്തെ വീണ്ടും കാണാനാവുക? ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം വീട്ടിലുണ്ടായിരുന്നുവെന്നും ഒന്നോ രണ്ടോ വർഷം കൂടി അദ്ദേഹം കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നതായും ഹേമ മാലിനി പറഞ്ഞു. അദ്ദേഹത്തിന് അതിമനോഹരമായ ഒരു ജീവിതമായിരുന്നു. ആഗ്രഹിച്ചതെല്ലാം അദ്ദേഹത്തിന് ലഭിച്ചു. എല്ലാവരും ഇത്രയധികം സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ പങ്കാളിയായതിൽ എനിക്ക് അഭിമാനമുണ്ട്’ -ഹേമമാലിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

