'ഇക്കീസ്' ഇതുവരെ കണ്ടിട്ടില്ല, എനിക്ക് അത് താങ്ങാനാവില്ല, അദ്ദേഹമില്ലാത്ത ജീവിതം സങ്കൽപ്പിക്കാനാവില്ല; ധർമേന്ദ്രയുടെ വേർപാടിൽ ഹേമമാലിനി
text_fieldsബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്രയുടെ വിയോഗത്തിന് ശേഷം അദ്ദേഹവുമായുള്ള 57 വർഷത്തെ ജീവിതത്തെക്കുറിച്ചും ആ വേർപാടിന്റെ വേദനയെക്കുറിച്ചും മനസ്സ് തുറന്ന് ഹേമമാലിനി. അദ്ദേഹമില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാനാവില്ല എന്നാണ് ഹേമമാലിനി പറഞ്ഞത്. ധർമേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറുമായും മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരുമായും ഹേമ മാലിനി അകൽച്ചയിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ താരം തള്ളിക്കളഞ്ഞു.
‘ഞങ്ങൾ എപ്പോഴും തിരക്കിലായിരുന്നെങ്കിലും പരസ്പരം സമയം കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഞാൻ യാത്രയിലായിരിക്കുമ്പോൾ അദ്ദേഹം എന്നെ എപ്പോഴും വിളിക്കുമായിരുന്നു. ഞാൻ വീട്ടിലെത്തുമ്പോൾ ലോണാവാലയിലെ ഫാമിൽ നിന്നും അദ്ദേഹം ഓടിയെത്തുമായിരുന്നു. അദ്ദേഹമില്ലാത്ത ഓരോ നിമിഷവും താൻ മിസ്സ് ചെയ്യുന്നുണ്ട്. ഇനി അദ്ദേഹത്തെ വീണ്ടും കാണാനാവുക? ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം വീട്ടിലുണ്ടായിരുന്നുവെന്നും ഒന്നോ രണ്ടോ വർഷം കൂടി അദ്ദേഹം കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നതായും ഹേമ മാലിനി പറഞ്ഞു. അദ്ദേഹത്തിന് അതിമനോഹരമായ ഒരു ജീവിതമായിരുന്നു. ആഗ്രഹിച്ചതെല്ലാം അദ്ദേഹത്തിന് ലഭിച്ചു. എല്ലാവരും ഇത്രയധികം സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ പങ്കാളിയായതിൽ എനിക്ക് അഭിമാനമുണ്ട്’ -ഹേമമാലിനി പറഞ്ഞു.
‘ധർമേന്ദ്രയുടെ അവസാന ചിത്രമായ 'ഇക്കീസ്' ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ ആ സിനിമ കണ്ടാൽ എനിക്ക് അത് താങ്ങാനാവില്ല. സങ്കടം ഇരട്ടിയാകും. മുറിവുകൾ ഉണങ്ങിയ ശേഷം പിന്നീട് എപ്പോഴെങ്കിലും ഞാൻ അത് കണ്ടേക്കാം. ഹേമ മാലിനി പറഞ്ഞു. സണ്ണി ഡിയോളും ബോബി ഡിയോളുമായി ഞാൻ അകൽച്ചയിൽ അല്ല. ഞങ്ങൾ തമ്മിൽ എന്നും നല്ല ബന്ധത്തിലാണ്. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല. വെറുതെ ഗോസിപ്പുകൾ ഉണ്ടാക്കാൻ വേണ്ടിയാണിത്. എന്തിനാണ് ഞാൻ അവർക്ക് വിശദീകരണം നൽകുന്നത്? ഇത് എന്റെ സ്വകാര്യ ജീവിതമാണ്. ഞങ്ങൾ എല്ലാവരും വളരെ അടുപ്പത്തിലാണ്’ ഹേമ മാലിനി പറഞ്ഞു. ധർമേന്ദ്രയുടെ ഓർമക്കായി ഒരു മ്യൂസിയം നിർമിക്കാൻ സണ്ണി ഡിയോൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും സണ്ണി തന്നോട് ആലോചിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

