‘ബംഗാളി ലുക്ക് അടിപൊളി’യെന്ന് ആരാധകന്‍റെ കമന്‍റ്; നന്ദി പറഞ്ഞ് നസ്‍ലിൻ
text_fieldsപുതിയ ലുക്കിനെ കുറിച്ച് പറഞ്ഞ ആരാധകന് നടൻ നസ്‌ലിൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‘ലോക’ റിലീസിന് ശേഷം തിയറ്ററിൽ പ്രേക്ഷകരെ കാണാനെത്തിയപ്പോഴായിരുന്നു കാണികളിൽ ഒരാൾ നടന്റെ പുതിയ ലുക്കിനെ പരിഹസിച്ച് കമന്റ് പറഞ്ഞത്. നസ്‌ലിൻ സംസാരിക്കുന്നതിനിടെ ഒരു പ്രേക്ഷകൻ ‘ബംഗാളി ലുക്ക് അടിപൊളി ആയിട്ടുണ്ട്’ എന്ന് വിളിച്ചു പറയുകയായിരുന്നു. എന്നാൽ ഒട്ടും പ്രകോപിതനാകാതെ ആരാധകനോട് നന്ദി പറയുന്ന നസ്‌ലിനെയാണ് വിഡിയോയിൽ കാണുന്നത്. 'താങ്ക്യൂ സോ മച്ച് ചേട്ടാ' എന്നാണ് ഇതിന് മറുപടിയായി നസ്ലിന് പറഞ്ഞത്. നസ്‌ലിന്റെ മറുപടി കേട്ട് അടിപൊളി എന്ന് പറഞ്ഞ് തിയേറ്ററിലെ മറ്റ് പ്രേക്ഷകര്‍ പിന്തുണക്കുന്നുമുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് നസ്‌ലിന്റെ വേറിട്ടൊരു ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തലമുടി പിന്നോട്ട് വളര്‍ത്തി, ചുമന്ന ഷര്‍ട്ടിലുള്ള നസ്‌ലിന്റെ ചിത്രം അടുത്തിടെ വൈറലായിരുന്നു. പിന്നാലെ ബംഗാളി ലുക്ക് എന്ന് പരിഹാസവുമുയര്‍ന്നിരുന്നു. ഇതിനോട് അനുബന്ധിച്ച് വന്ന കമന്‍റിനാണ് കയ്യടിപ്പിക്കുന്ന മറുപടി നസ്ലിന് കൊടുത്തത്. പുതിയ സിനിമയായ ‘മോളിവുഡ് ടൈംസി’നു വേണ്ടിയാണോ ഈ പുതിയ ലുക്ക് എന്ന് പലരും സംശയം പ്രകടിപ്പിച്ചു. അതേസമയം ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’യിലും നസ്‌ലിൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാറ്റ്സ്ബി എന്ന കഥാപാത്രത്തെയാണ് നസ്‌ലിൻ അവതരിപ്പിക്കുക.
അതേസമയം, നസ്‌ലിൻ പ്രധാന വേഷത്തിലെത്തിയ ലോക തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിങ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

