‘അമ്മയെ മിസ്സ് ചെയ്യുകയാണെങ്കിൽ വിഡിയോ കോൾ ചെയ്യണം, കരയരുത്’; നടി ദീപിക കക്കർ വീണ്ടും ആശുപത്രിയിൽ, പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് ഭർത്താവ്
text_fieldsനടി ദീപിക കക്കർ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയായി. കഴിഞ്ഞ ഒരു വർഷമായി ലിവർ കാൻസറുമായി പൊരുതുന്ന ദീപികക്ക് ചികിത്സക്കിടയിൽ വീണ്ടും ഒരു സിസ്റ്റ് കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. ദീപികയുടെ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഭർത്താവും നടനുമായ ഷൊയിബ് ഇബ്രാഹിം തന്റെ യൂട്യൂബ് വ്ലോഗിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ആരാധകരെ അറിയിച്ചത്.‘അള്ളാഹുവിന്റെ അനുഗ്രഹത്താലും നിങ്ങളുടെ പ്രാർത്ഥനകളാലും ദീപികയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അവൾ സുഖമായിരിക്കുന്നു, എങ്കിലും ചെറിയ വേദനയുണ്ട്. പേടിക്കാൻ ഒന്നുമില്ല. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി’ എന്നാണ് ഷൊയിബ് സോഷ്യൽമീഡിയയിൽ കുറിച്ചത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തുടങ്ങിയ ശസ്ത്രക്രിയ ഉച്ചക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് മണിയോടെ ദീപികയെ മുറിയിലേക്ക് മാറ്റി. നിലവിൽ ദീപികക്ക് അല്പം വേദനയുണ്ടെന്നും ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണെന്നും ഷൊയ്ബ് പറഞ്ഞു. ഇത്തവണ RFA (Radiofrequency Ablation) ആണ് ചെയ്തത്. സിസ്റ്റ് 1.3 സെന്റീമീറ്റർ വലിപ്പമുള്ളതായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഒന്ന് രണ്ട് ദിവസം ദീപിക ആശുപത്രിയിൽ തുടരും. നിലവിൽ ഓക്സിജൻ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ കാമറക്ക് മുന്നിൽ വരാൻ ദീപികക്ക് സാധിക്കില്ലെന്ന് ഷൊയിബ് അറിയിച്ചു.
ശസ്ത്രക്രിയക്കായി പോകുന്നതിന് മുമ്പ് മകൻ റുഹാനെ കെട്ടിപ്പിടിച്ച് ദീപിക കരയുന്ന ദൃശ്യങ്ങൾ വ്ളോഗിലുണ്ട്. ‘അമ്മയെ മിസ്സ് ചെയ്യുകയാണെങ്കിൽ വിഡിയോ കോൾ ചെയ്യണം, കരയരുത്’ എന്ന് മകനോട് പറയുമ്പോൾ ദീപിക കരയുന്നതും വിഡിയോയിൽ കാണാം. തന്റെ രോഗാവസ്ഥയെക്കുറിച്ച് ദീപിക മുമ്പും തുറന്ന് പറഞ്ഞിരുന്നു. ഡോക്ടർമാർ ഇതിനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, മകൻ റുഹാനെയും കുടുംബത്തെയും ഷൊയ്ബിനെയും ഓർക്കുമ്പോൾ എനിക്ക് വലിയ ആശങ്ക തോന്നുന്നു എന്നാണ് ദീപിക പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിൽ ദീപിക ഒരു വലിയ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അന്ന് അവരുടെ കരളിന്റെ 22 ശതമാനത്തോളം ഭാഗവും ടെന്നീസ് ബോൾ വലിപ്പമുള്ള ട്യൂമറും നീക്കം ചെയ്തിരുന്നു. ഈ പുതിയ ശസ്ത്രക്രിയക്ക് ശേഷം, നിലവിലെ കീമോതെറാപ്പി നിർത്തി ഇമ്മ്യൂണോതെറാപ്പി ആരംഭിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. നിരവധി ആരാധകരാണ് പ്രാർത്ഥനകളറിയിച്ച് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

