300 കോടി ക്ലബ്ബിൽ 'പെദ്ധി'; ഇതൊക്കെ ആവശ്യമുണ്ടോ മോനേ? രാം ചരണിന്റെ കഠിനമായ ഡയറ്റും വർക്കൗട്ടും കണ്ട് ചിരഞ്ജീവി ചോദിച്ചപ്പോൾ!
text_fieldsരാം ചരൺ, ചിരഞ്ജീവി
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് രാം ചരൺ നായകനായ ഏറ്റവും പുതിയ ചിത്രം 'പെദ്ധി'. ജൂൺ 4ന് തിയറ്ററുകളിൽ എത്തിയ ചിത്രം വെറും 11 ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 307.98 കോടി രൂപയാണ് വാരിക്കൂട്ടിയത്. ചിത്രത്തിലെ ജാൻവി കപൂറിന്റെ കഥാപാത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, രാം ചരണിന്റെ അസാധ്യമായ ശരീരമാറ്റങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ചിത്രത്തിൽ ഒരു അത്‌ലറ്റ്, ഗുസ്തിക്കാരൻ, ക്രിക്കറ്റ് താരം എന്നീ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് രാം ചരൺ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ, ഈ കഥാപാത്ര പൂർണ്ണതക്കായി തന്റെ മകൻ നടത്തിയ അടിയറവില്ലാത്ത കഠിനാധ്വാനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ചിരഞ്ജീവി. 'വൃദ്ധി ഫിലിംസ്' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സംവിധായകൻ ബുച്ചി ബാബു സനയോട് സംസാരിക്കുമ്പോഴാണ് ചിരഞ്ജീവി രാം ചരണിന്റെ കഠിനമായ ദിനചര്യകളെക്കുറിച്ച് വിവരിച്ചത്.
‘ചരൺ ദിവസവും വീട്ടിൽ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ഞാൻ നേരിട്ട് കണ്ടതാണ്. പുലർച്ചെ 5 മണിക്ക് ഉണർന്ന് വർക്കൗട്ട് ചെയ്യും. 9 മണിയാകുമ്പോഴേക്കും ഷൂട്ടിങ് സെറ്റിലെത്തും. രാത്രി 9 മണിക്ക് വീട്ടിൽ തിരിച്ചെത്തിയാൽ കുറച്ച് സൂപ്പ് മാത്രം കുടിച്ച് നേരെ വീണ്ടും ജിമ്മിലേക്ക് പോകും. ഹൈ-പ്രോട്ടീൻ ഡയറ്റ് ആവശ്യമുള്ള കഠിനമായ വർക്കൗട്ടുകൾ ചെയ്യുമ്പോഴും രാം ചരൺ ഏതാണ്ട് 70 ദിവസത്തോളം പൂർണ്ണമായും സസ്യഭുക്കായിരുന്നു എന്നും ചിരഞ്ജീവി വെളിപ്പെടുത്തി.
നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കാതെ ഇത്രയും വലിയ ശരീരമാറ്റം വരുത്തുന്നത് കണ്ട് ഭയം തോന്നി താൻ മകനോട് ഇതൊക്കെ ശരിക്കും ആവശ്യമുണ്ടോ? എന്ന് വരെ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ കരിയറിലും വലിയ റിസ്കുകൾ എടുത്തിട്ടുണ്ടെന്നും എന്നാൽ ഇന്നത്തെ പ്രേക്ഷകർ അഭിനേതാക്കളുടെ കഠിനാധ്വാനത്തെ കൂടുതൽ അംഗീകരിക്കുകയും ഹൃദയപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.
നേരെത്തെ ഹൈദരാബാദിൽ വെച്ച് നടന്ന ഒരു പ്രമോഷൻ പരിപാടിക്കിടെ, ഈ കഥാപാത്രത്തിലേക്ക് മാറാൻ താൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് രാം ചരൺ തന്നെ തുറന്നു പറഞ്ഞിരുന്നു. ക്രിക്കറ്റ് താരത്തിന്റേത് പോലുള്ള മെലിഞ്ഞ ശരീരപ്രകൃതിയിൽ നിന്നുമാണ് പെട്ടെന്ന് കബഡി കളിക്കാരനായും പിന്നീട് ഗുസ്തിക്കാരനായും മാറാൻ സംവിധായകൻ ആവശ്യപ്പെട്ടത്. തികച്ചും വ്യത്യസ്തമായ ഈ മൂന്ന് ശരീരഘടനകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നേടിയെടുക്കുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നു.
ഷൂട്ടിങ് കഴിഞ്ഞതോടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കടുത്ത വേദനകൾ പുറത്തുവരാൻ തുടങ്ങിയതായി താരം പറഞ്ഞു. ഗുസ്തി രംഗങ്ങളുടെ ചിത്രീകരണത്തിനിടയിൽ നിരന്തരമായി എതിരാളികളെ പിടിച്ചതിലൂടെ കൈകൾക്ക് നേരിയ വിറയൽ അനുഭവപ്പെടുന്നുണ്ട്. ഇതിനായി എക്സ്-റേ എടുക്കേണ്ടി വരുമെന്നും രാം ചരൺ വ്യക്തമാക്കി. കഠിനമായ ശാരീരിക വേദന കാരണം സ്വന്തം മകളെ കൈകളിൽ എടുക്കാൻ പോലും ഇപ്പോൾ തനിക്ക് പ്രയാസമാണെന്ന് താരം വികാരാധീനനായി പറഞ്ഞു.
ചിത്രം റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസ് ട്രാക്കർമാരായ 'സാക്നിൽക്' പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം റെക്കോർഡ് കളക്ഷനാണ് പെദ്ധി നേടുന്നത്. രാം ചരണിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി ഈ ചിത്രം മാറിക്കഴിഞ്ഞു. വലിയ ശാരീരിക പ്രതിസന്ധികളെ മറികടന്ന് താരം നടത്തിയ ഈ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്ന ഈ വൻ വിജയമെന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

